Sunday, September 24, 2006

ഫയര്‍‌ഫോക്സ് വിക്കി ടൂള്‍ബാര്‍

വിക്കിയില്‍ ലേഖനങ്ങളെഴുതുമ്പോള്‍ സിന്റാക്സുകള്‍ പ്രശ്നമാകുന്നു എന്നു പലരും പറഞ്ഞതു ശ്രദ്ധിച്ചു. ഫയര്‍ ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക് ഇതു പരിഹരിക്കാന്‍ ഒരെളുപ്പമാര്‍ഗമുണ്ട്. ഇവിടെ നിന്നും വിക്കിപീഡിയ എഡിറ്റിംഗിനുള്ള ആഡ് ഓണ്‍ ഡൌണ്‍‌ലോഡ് ചെയ്യുക. ഇതൊരു വിക്കി ടൂള്‍‌ബാറാണ്. ഒരുമാതിരി ഫോര്‍മാറ്റിങ്ങുകളെല്ലാം ഒറ്റക്ലിക്കില്‍ ഈ ടൂള്‍ബാര്‍ ചെയ്തുതരും.

Wednesday, September 20, 2006

വിക്കി സഹസ്രം, ചില ചിന്തകള്‍

മലയാളം വിക്കിപീഡിയ ഇന്ന് (2006 സെപ്റ്റംബര്‍ 20) ആയിരം ലേഖനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന നൂറ്റിപതിമൂന്നാമത്തെ ഭാഷാ വിക്കിയാണു നമ്മുടേത്. ഇന്ത്യന്‍ ഭാഷകളില്‍ ഏഴാമത്തേതും.

ആയിരം ലേഖനങ്ങളില്‍ പ്രൌഢഗംഭീരം എന്നു പറയാവുന്നവ വളരെ ചുരുക്കമാണ്. എങ്കിലും സ്വതന്ത്ര വിജ്ഞാനം വ്യാപകമാക്കുന്ന കാര്യത്തില്‍ ഇതൊരു ചെറിയ നേട്ടമല്ല. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവുമാദ്യം തുടങ്ങിയ വിക്കിയാണു നമ്മുടേത്. തമിഴും ഹിന്ദിയും കന്നഡയുമൊക്കെ അതിനുശേഷമാണു തുടക്കമിട്ടത്. പക്ഷേ ലേഖനങ്ങളുടെ എണ്ണത്തില്‍ അവരൊക്കെ നമ്മളേക്കാള്‍ ബഹുദൂരം മുന്നിലായി.

മലയാളം യുണികോഡ് അനായാസം കൈകാര്യം ചെയ്യാനറിയാവുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബൂലോഗത്തു നിന്നും വിക്കിയിലെത്തുന്ന സംഭാവനകള്‍ വളരെ തുച്ഛമാണെന്നു പറയാതെ വയ്യ. ആരെയും കുറ്റപ്പെടുത്തുകയല്ല. എഴുതുന്ന ലേഖനങ്ങള്‍ നമ്മുടേതല്ലാതാകുന്ന, പ്രോത്സാഹനക്കമന്റുകള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത, അവിടെ സമയം ചെലവഴിക്കുക ചിലപ്പോള്‍ ബുദ്ധിമുട്ടായി തോന്നാം. എങ്കിലും അടുത്ത തലമുറയ്ക്ക് ഉപകരിച്ചേക്കാവുന്ന ഈ യജ്ഞത്തിനുവേണ്ടി അല്പം സമയം കണ്ടെത്തുക ചെറിയ കാര്യമല്ല എന്നാണെന്റെ വിശ്വാസം.

വിക്കിപീഡിയയില്‍ മികച്ച ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തുന്ന ഉമേഷ്, ഷിജു അലക്സ്, സുധീര്‍(കൂമന്‍), ആക്റ്റിവോയ്ഡ്(മൂരാരി) കുറേ നല്ല ലേഖനങ്ങളെഴുതിയ ശേഷം ഇപ്പോള്‍ പമ്മിനടക്കുന്ന പെരിങ്ങോടന്‍, ഏവൂരാന്‍, വിശ്വം, തിരക്കിനിടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ വിക്കിലേഖനങ്ങള്‍ കൂട്ടിയിണക്കാന്‍ ഫലപ്രദമായി ചെലവഴിക്കുന്ന കെവിന്‍, ഇടയ്ക്കിടെ ലേഖനങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആദിത്യന്‍, ശനിയന്‍, നവനീത്, ഷാജുദ്ദീന്‍ തുടങ്ങിയ ബ്ലോഗര്‍മാരെ പ്രത്യേകം ഓര്‍ക്കുന്നു, അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.

സിബുവിന്റെ വരമൊഴിയും അതിന്റെ അനുബന്ധ സോഫ്റ്റ്വെയറുകളുമാണ് വിക്കിയില്‍ ലേഖനങ്ങള്‍ പിറക്കാന്‍ വഴിമരുന്നിട്ടത്. വരമൊഴിപോലെ ലളിതമായ ഒരു അക്ഷരംനിരത്തല്‍ സംവിധാനമില്ലായിരുന്നെങ്കില്‍ വിക്കി ഇപ്പോഴും നിര്‍ജ്ജീവമായിരുന്നേനെ. സിബുവിനെ നന്ദിയോടെ ഓര്‍ക്കുന്നു.

ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും ബൂലോഗകൂട്ട്യ്മയ്ക്കു വിക്കിയെ സഹായിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.

ഒന്ന്: വിക്കിയിലേക്കു ചിത്രങ്ങള്‍ നല്‍കുക.

ബൂലോഗ പടം പിടുത്തക്കാരോടുള്ള അഭ്യര്‍ത്ഥനയാണിത്. വിശേഷിച്ചും കേരളത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന പടമ്പിടുത്ത പുലികളോട്. പടമെടുത്തു നടക്കുന്നതിനിടയില്‍ വിക്കിക്കുവേണ്ടിയും ചിത്രങ്ങള്‍ നല്‍കുക. കേരളത്തിലെ സമുന്നത വ്യക്തികള്‍, സ്ഥാപനങ്ങള്‍, നമ്മുടെ പൂക്കളും കായ്കളും കാടും മേടും അവയ്ക്കുള്ളിലുള്ളതൊക്കെയും, ചരിത്ര സ്മാരകങ്ങള്‍ എന്നുവേണ്ട മലയാള നാട്ടില്‍ നിന്നുതന്നെ വിക്കിയിലെത്താന്‍ പടങ്ങള്‍ പരശതമുണ്ട്.

വിക്കിയില്‍ നേരിട്ടു പടങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗിലിടുന്ന ചിത്രങ്ങള്‍ വിക്കിയിലേക്കു എടുക്കാനുള്ള അനുമതി നല്‍കിയാലും മതി. പടങ്ങള്‍ പബ്ലിക് ഡൊമെയിനു കീഴിലാക്കുകയോ, ക്രിയേറ്റീവ് കോമണ്‍സ് 2.5 ലൈസന്‍സിനു കീഴിലാക്കുകയോ ചെയ്താല്‍ അവ വിക്കിയിലെടുക്കുന്നതില്‍ നിയമതടസങ്ങളില്ല. ഇപ്രകാരം എടുക്കുന്ന ചിത്രങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുവാന്‍ സന്തോഷമേയുള്ളൂ.

ഒരുദാഹരണത്തിന്, ഇപ്പോള്‍ മലയാളം വിക്കിപീഡിയയുടെ പൂമുഖത്തു ചെല്ലുക. അവിടെ തിരഞ്ഞെടുത്ത ചിത്രമായി ചേര്‍ത്തിരിക്കുന്ന ഫോട്ടത്തിനു താഴെ അതെടുത്ത ഛാ‍യാഗ്രാഹകന്റെ പേരു നല്‍കിയിരിക്കുന്നതു ശ്രദ്ധിക്കുക. ആ ചെറിയ അക്ഷരങ്ങളില്‍ ബൂലോഗ പടമ്പിടത്തക്കാരുടെ പേരുകള്‍ പതിയുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ.

രണ്ട്: വിക്കിയില്‍ ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും അവ വായിക്കാനെങ്കിലും ബൂലോഗ പുലികള്‍ തയാറായാല്‍ നന്നായിരുന്നു. വായിച്ചു പോരായ്മകള്‍ ചൂണ്ടിക്കാട്ടുക. ഓരോ ചെറിയ സേവനവും വിക്കിയില്‍ അമൂല്യ സമ്പത്താണ്.

മൂന്ന്:സ്വതന്ത്ര വിജ്ഞാന വ്യാപനത്തില്‍ താല്പര്യമുള്ളവരെ കണ്ടെത്തി അവരെ വിക്കിയിലേക്കു കൊണ്ടുവരിക. (ബ്ലോഗിലേക്കു കൊണ്ടുവരാതിരിക്കുക എന്നുവേണമെങ്കിലും പറയാം ;) ഇവിടെയെത്തിയാല്‍ പിന്നെ അങ്ങോട്ടു കൊണ്ടുവരിക പ്രയാസമാ :) )

വിക്കിയെഴുത്ത് സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള കാര്യമാണെന്ന ധാരണയുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇന്നലെ ഒരു ബൂലോഗപുലി ഈ എലിക്കു ശിഷ്യപ്പെട്ടുപോയിട്ടുണ്ട്. അദ്ദേഹത്തോടു ചോദിച്ചാലറിയാം സംഗതി എത്ര എളുപ്പമാണെന്ന്.

വിക്കിപീഡിയയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.