Monday, December 19, 2005

വിക്കിപീടിയ

വിക്കിപീടിയ (Wikipedia) എല്ലാ ഭാഷകളിലും സ്വത്രന്തവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ സംരംഭമാണ്. വിക്കിപീടിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല്‍‍ നിയ്രന്തിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍‍ വിക്കിപീടിയ എല്ലാകാലവും സ്വത്രന്തവും സൌജന്യവും ആയിരിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ത്തന്നെയാണ്‌ വിക്കിപീടിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്‌. വിക്കിപീടിയ വെബ്‌ പേജില്‍ ലേഖനങ്ങളെഴുതാനും അവതിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൌകര്യവും നല്‍കുന്ന വിക്കിസോഫ്‌റ്റ്‌വെയര്‍ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്‍റെ അടിസ്ഥാനം. 2001 ജനുവരി 15നാണ്‌ വിക്കിപീടിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്‌. വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീടിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്‍റെ പൂരകസംവിധാനമായാണ്‌ വിക്കിപീടിയ ആരംഭിച്ചത്‌. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീടിയ, കാലാന്തരത്തില്‍ തനതുവ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായിമാറി. വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോള്‍ വിക്കിപീടിയയെ നിയന്ത്രിക്കുന്നത്‌.
201 ഭാഷകളില്‍ വിക്കിപീടിയയുടെ പതിപ്പുകളുണ്ട്‌. എട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ([1]) ഈ സംരംഭത്തിന്‍റെ പതാകവാഹക. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീടിയ പ്രവര്‍ത്തിക്കുന്നു.

 

At 12/19/2005 04:32:00 PM, Blogger keralafarmer said...

അറിവുകൾ വിൽക്കുന്നതും പൂഴ്‌ത്തിവെയ്ക്കുന്നതും സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി. ഇതിനൊരപവാദമായ വിക്കിപീടിയ അറിവുകൾ പങ്കുവെയ്ക്കുന്നത്‌ വരും തലമുറയ്ക്ക്‌ പ്രയോജനപ്രദമാവും. വിക്കി സമൂഹത്തിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

 
At 12/19/2005 10:55:00 PM, Blogger സിദ്ധാര്‍ത്ഥന്‍ said...

ഒരു അറിവില്ലായ്മ:
എഴുതിയിടുന്നതിന്റെയും അതെഴുതുന്നവന്റെയും ആധികാരികത എങ്ങനെയാണു് നിശ്ചയിക്കപ്പെടുന്നതു്? അഥവാ,
തെറ്റായ വിവരങ്ങൾ എങ്ങനെ തടയപ്പെടുന്നു?

 
At 12/19/2005 11:09:00 PM, Blogger രാജ് said...

സിദ്ധാര്‍ത്ഥന്‍,
പ്രശസ്ത ടെക്നോളജി മാസികയായ Zdnet ല്‍ പ്രസിദ്ധീകരിച്ച ലേഖനം

ചില ലേഖങ്ങള്‍ ഇവിടെയുമുണ്ട്. ഇവയെല്ലാം വിക്കിപീടിയയെ പ്രകീര്‍ത്തിച്ചുകൊണ്ടല്ല കേട്ടോ, വ്യക്തമായ ഒരു തീരുമാനം എടുക്കുവാന്‍ താങ്കളെ ഇവ സഹായിക്കും എന്നു് കരുതുന്നു.

 
At 12/19/2005 11:44:00 PM, Blogger myexperimentsandme said...

ഒരു തിരുമണ്ടനാകുന്നതിൽ എന്നോട് ക്ഷമിക്കണം. ഈ വിക്കിപ്പീടികയിൽ കോപ്പിറൈറ്റ് പ്രശ്നം എത്രത്തോളമുണ്ട്? ഉദാഹരണത്തിന് എനിക്കറിയാവുന്ന ഒരു കാര്യം ഞാൻ ഏതെങ്കിലും പുസ്തകത്തിൽനിന്നും വായിച്ചാണ് അറിഞ്ഞതെങ്കിൽ, ആ പുസ്തകത്തിലെ കാര്യം അപ്പടി മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത് വിക്കിപ്പീടികയിൽ ഇടാൻ പറ്റുമോ? ഒറിജിനൽ അണ്ണന്മാർ പ്രശ്നമുണ്ടാക്കുമോ?

ഏതു പോലീസുകാരനും അറിയാവുന്ന ഉത്തരമുള്ള ചോദ്യമാണ് ഇതെങ്കിൽ, അല്ല ഇത്തരം പരിപാടികളല്ല വിക്കിപ്പീടികയുടെ കൺസെപ്റ്റ് എങ്കിൽ എന്നോട് ദയവായി ക്ഷമിക്കുക.

 
At 12/19/2005 11:57:00 PM, Blogger സിദ്ധാര്‍ത്ഥന്‍ said...

മനസ്സിലായി പെരിങ്ങോടൻ. നന്ദി.

അറിവിന്റെ ബാഹുല്യം ഉണ്ടാക്കുന്ന പ്രശ്നത്തെ പറ്റി ഉംബർത്തോ എക്കോ പറഞ്ഞതു് ഏതാണ്ടു് ഇങ്ങനെയാണ്. “പണ്ടൊക്കെ ഒരു വിഷയത്തെ പറ്റി എന്തെൻകിലുമറിയണമെൻകിൽ ഒരു ലൈബ്രറിയിലെ ഒന്നോ രണ്ടോ ബുക്കു് റെഫർ ചെയ്താൽ ധാരാളമാകും. ഇന്നതു വിരൽത്തുമ്പിലുണ്ടു് പക്ഷേ വന്നു കിട്ടുന്നതു് 1100 വിവരങ്ങളാണു്. ഇതൊക്കെ വായിച്ചെടുക്കാനും വ്യത്യസ്ഥ വിവരങ്ങളാണെൻകിൽ ശരി നിശ്ചയിക്കാനും ബുദ്ധിമുട്ടേണ്ടിവരും.“

ഉദാ:-)
ഓപ്പോളെന്നാൽ ഒപ്പമുള്ളവളാണെന്നു ആരെൻകിലും പീടിയയിലടിച്ചിട്ടെന്നു വിചാരിക്കുക. സിനിമാനടൻ മുകേഷിന്റെ ഇളയച്ഛൻ പോൾ ആണിതെന്നു് അറിയുന്നതു വരെ അതു വിശ്വസിക്കുകയല്ലെ ഉള്ളൂ നിവൃത്തി.

 
At 12/20/2005 12:23:00 AM, Blogger രാജ് said...

വക്കാരീ,
ഒരു പുസ്തകം വായിച്ചുണ്ടായ അറിവ് വിക്കിയില്‍ ഒരു ലേഖനമായി എഴുതിയിടുന്നതില്‍ കുഴപ്പമില്ല. ആ പുസ്തകം പദാനുപദമോ ആശയപരമായോ മുഴുവന്‍ വിവര്‍ത്തനം ചെയ്തിടുന്നത് പ്രശ്നമാകും. കഴിഞ്ഞ അര നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ മിക്കവയും കോപ്പീറൈറ്റുള്ളവയാണു്, അതിലും പഴയതാണെങ്കില്‍ ധൈര്യസമേതം വിവര്‍ത്തനം തുടങ്ങിക്കൊള്ളൂ.

സിദ്ധാര്‍ത്ഥന്‍,
വിക്കിയുടെ ഗുണവും ദോഷവും അറിയിക്കുവാന്‍ വേണ്ടിയാണു് unbiased എന്ന് തോന്നിയ zdnet ലേഖനങ്ങളുടെ ലിങ്ക് തന്നതു്. ബ്രിട്ടാനിക്ക ഒരു നുണയെഴുതി അത്‌ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു നുണ നമുക്ക് തിരുത്താന്‍ കഴിയുകയെന്നതു്?

 
At 12/20/2005 04:22:00 AM, Blogger സിദ്ധാര്‍ത്ഥന്‍ said...

അറിയാവുന്നവരതിതിലിട്ടാൽ, അറിവു് പൻകുവക്കുക എന്ന മഹൽകർമ്മത്തിനു പുറമെ
1)അറിയാത്തവരതിടുന്നതു തടസ്സപ്പെടുത്താം
2)അന്വേഷിക്കുന്നവർക്ക് തെരഞ്ഞെടുക്കാനൊരവസരമെൻകിലും കൊടുക്കാം.

അല്ലേ?

വിദ്യയും വൈദ്യവും വിൽക്കപ്പെടുന്ന കാലത്താണൊരു ജനതയുടെ അധ:പതനം തുടങ്ങുന്നതെന്നുള്ള സത്യമോർത്താൽ ഇന്നു നാം പാതാളത്തോളം അധ:പതിച്ചവരാണെന്നു സമ്മതിക്കേണ്ടിവരും. ഉയർച്ചയിലേക്കുള്ള കൈത്തിരിയുമായി വരുന്നവരേ ഭാവുകങ്ങൾ!

 
At 12/20/2005 11:25:00 AM, Blogger reshma said...

this is helpful!

 
At 12/24/2005 09:33:00 PM, Blogger രാജ് said...

ഗൂഗിള്‍ ഗ്രൂപ്പ്: http://groups.google.com/group/helpwiki

 
At 7/09/2016 10:06:00 PM, Blogger Nanma said...

വിക്കിപീടിയ വിജ്ഞാനത്തിന്റെ അമൂല്യ നിധിയാണ്‌.അനുമോദനം.
ചെമ്മാണിയോട് ഹരിദാസന്‍.

 

Post a Comment

<< Home