Sunday, May 07, 2006

മാതൃഭൂമിയുടെ ബ്ലോഗ് ലേഖനം വായിക്കാത്തവര്‍ക്കായ്

എഴുത്തിന്റെ പുതിയ ലോകം തുറന്ന്‌ മലയാളം ബ്ലോഗുകള്‍

ചെന്നൈ: വെബ്‌ലോകത്തിലെ പുതിയ അതിഥിയുടെ ചുവടുകള്‍ കൂടുതല്‍ ഉറച്ചുകൊണ്ടിരിക്കുകയാണ്‌. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളിലെ പുതിയ അധ്യായമായ ബ്ലോഗുകളുടെ പ്രചാരം ഇന്ന്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഒരു വ്യക്തിയുടെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കുവാനും അത്‌ മറ്റുള്ളവരുമായി പങ്കുവെക്കുവാനും വേണ്ടിവന്നാല്‍ ഒരു ചര്‍ച്ചാവിഷയമാക്കുവാനുമുള്ള വിനിമയത്തിന്റെ പുതിയ ലോകം-അതാണ്‌ ബ്ലോഗുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഇംഗ്ലീഷ്‌ ബ്ലോഗുകളുടെ ചുവടുപിടിച്ച്‌ മലയാളം ബ്ലോഗുകളും രംഗപ്രവേശം ചെയ്യുന്നുവെന്നതാണ്‌ കൌതുകകരമായ വസ്തുത.

ചെന്നൈയിലെ ഓണ്‍ലൈന്‍ ന്യൂസ്‌പേപ്പറായ വെബ്‌ ദുനിയയിലെ സീനിയര്‍ കണ്ടന്റ്‌ കണ്‍സള്‍ട്ടന്റ്‌ ബെന്നി ജോസഫിന്റെ അഭിപ്രായത്തില്‍, ഏപ്രില്‍ മാസം വരെയുള്ള കണക്കനുസരിച്ച്‌ മലയാളത്തില്‍ ഇരുനൂറ്റമ്പതോളം ബ്ലോഗുകള്‍ നിലവിലുണ്ട്‌. അതില്‍ ഒട്ടുമുക്കാലുംതന്നെ കേരളത്തിനു പുറത്ത്‌ ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരുടേതാണെന്ന വസ്തുത ശ്രദ്ധേയമാണ്‌.

സാഹിത്യം, വികസനം, പൊതുതാല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കാര്യങ്ങളായാലൊക്കെയും തന്നെ, അവരുടെ കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടും വായനക്കാര്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്നുള്ളത്‌ ബ്ലോഗിന്റെ വര്‍ധിച്ചു വരുന്ന പ്രചാരത്തിന്‌ തെളിവാണ്‌.

വായനക്കാരന്റെ സ്വതന്ത്രമായ ഇടപെടലുകളാണ്‌ ബ്ലോഗിനെ പത്രമാധ്യമങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തമാക്കുന്ന ഘടകം. എഴുത്തുകാരന്റെ ചിന്തകളോട്‌ ഏറ്റവും വേഗത്തില്‍ സംവദിക്കാന്‍ അവര്‍ക്കു കഴിയുന്നു. അങ്ങനെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഒട്ടും അകലമില്ലാതെ ഒരു വിശകലനം ബ്ലോഗുകളില്‍ സാധ്യമാണ്‌.

ആരെയും ആശ്രയിക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‌ ഇതിലൂടെ കഴിയുന്നു. സ്ഥലപരിമിതി ഒട്ടുംതന്നെ പ്രശ്നമല്ലാത്ത ഈ പുതിയ എഴുത്തിന്റെ ലോകത്ത്‌ എഴുത്തുകാരന്‌ ധാരാളം സ്വാതന്ത്ര്യം ലഭിക്കുന്നു.

പത്രമാധ്യമങ്ങളെക്കാള്‍ ആശയവിനിമയത്തിനുള്ള സാധ്യത ബ്ലോഗുകളില്‍ കൂടുതലാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്നതിനാല്‍ വിശ്വാസ്യതയുടെ പ്രശ്നം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്‌.

ഗള്‍ഫ്‌ മലയാളികളാണ്‌ കൂടുതല്‍ ബ്ലോഗുകള്‍ തുറക്കുന്നത്‌. അതിനു പിന്നിലായി അമേരിക്കയിലെ മലയാളികളുമുണ്ട്‌. മലപ്പുറം, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്‌ കേരളത്തില്‍ നിന്നുള്ള ബ്ലോഗുകളില്‍ കൂടുതലും വരുന്നതെന്നാണ്‌ ബെന്നിയുടെ കണ്ടെത്തല്‍. ഏകദേശം പതിമൂന്നോളം ബ്ലോഗുകള്‍ മലപ്പുറംകാരുടേതായുണ്ട്‌.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായിട്ടാണ്‌ ബ്ലോഗുകള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. തൃശ്ശൂരിലുള്ള ജോ എന്നു വിളിക്കുന്ന ജോസഫ്‌ എന്ന ചെറുപ്പക്കാരന്‍ തുടങ്ങിയ 'മലയാണ്മ'യാണ്‌ മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്‌. മലയാള ബ്ലോഗ്‌ കൂട്ടായ്മയെ ബ്ലോഗ്‌ ഉലകം എന്നാണ്‌ വിളിക്കുന്നത്‌. ആദ്യത്തെ ഓണ്‍ലൈന്‍ ഡിക്ഷ്ണറി ദാതാവായ  എഴുപതുകാരന്‍ ജോസഫ്‌ തുടങ്ങി  പതിനഞ്ചുകാരന്‍ അനീസ്‌ വരെ മലയാള ബ്ലോഗിന്റെ എഴുത്തുകാരാണ്‌.

യൂനികോഡ്‌ എന്ന മലയാളത്തിലെ യൂണിവേഴ്‌സല്‍ ഫോണ്ടിന്റെ വരവോടെയാണ്‌ മലയാള ബ്ലോഗുകളുടെ സാധ്യത വര്‍ധിച്ചത്‌. ഏതൊരാള്‍ക്കും വെറും മൂന്നുമിനിറ്റുകള്‍ക്കുള്ളില്‍ ഒരു മെയില്‍ ഐ.ഡി. ഉണ്ടാക്കാവുന്ന ലാഘവത്തോടെ ഒരു ബ്ലോഗ്‌ തുടങ്ങാനാകും. ബ്ലോഗ്‌ സ്പോട്ട്‌ ആണ്‌ ഒരു ബ്ലോഗ്‌ ക്രിയേറ്റ്‌ ചെയ്യുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌.

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എന്തും പങ്കുവെക്കാവുന്ന നല്ല സുഹൃത്ബന്ധങ്ങള്‍ ലഭിക്കുന്നുവെന്നതാണ്‌ ബ്ലോഗിന്റെ മറ്റൊരു ഗുണമെന്നതാണ്‌ സ്വന്തം ബ്ലോഗിലൂടെയുള്ള അനുഭവത്തില്‍നിന്ന്‌ ഗള്‍ഫില്‍ ജോലിചെയ്യുന്ന കലേഷിന്റെ അഭിപ്രായം. ദിവസവും അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഐ.ടി. മേഖലയില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ വളരാന്‍ സാധ്യതകള്‍ ഏറെയാണ്‌. ആരുടെയും അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന ബ്ലോഗുകളുടെ സുവര്‍ണകാലത്തിന്‌ ഇനി അധികദൂരമില്ല.

:മാതൃഭൂമി ലേഖനം ചെന്നൈ എഡിഷനില്‍ മാത്രമേ വന്നിട്ടുള്ളൂ. കൂടുതല്‍ വിശദമായൊരെണ്ണം അണിയറയിലുണ്ട്.

 

At 5/07/2006 09:25:00 PM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

മന്‍‌ജിത്തേ, ഞാനത് മനപ്പൂര്‍‌വ്വം പോസ്റ്റ് ചെയ്യാതിരുന്നതാണ്. മാതൃഭൂമി ചെന്നൈ എഡിഷന്റെ ചുമതലയുള്ള ജോണിച്ചേട്ടന്‍ പറഞ്ഞതുകൊണ്ടാണ് കലേഷും ഞാനും ഈ സാഹസത്തിന് മുതിര്‍ന്നത്. മാതൃഭൂമിയില്‍ ഇന്റേണ്‍‌ഷിപ്പ് ചെയ്യുന്ന ധനയാണ് ഞങ്ങളെ ഇന്റര്‍വ്യൂ ചെയ്തത്.

ധന എഴുതിവന്നപ്പോള്‍ ന്യൂസും ആര്‍ട്ടിക്കിളും അല്ലാത്തൊരു സാധനമായിപ്പോയി ഈ ഐറ്റം. പിന്നെ ഞങ്ങള്‍ പറഞ്ഞതൊന്നും ശരിയായ അര്‍ത്ഥത്തില്‍ ആ കുട്ടിക്ക് മനസ്സിലായതുമില്ല.

മലയാളം സൈറ്റും ബ്ലോഗും ആദ്യമായാണെത്രെ ആ കുട്ടി കാണുന്നത്!

 
At 5/07/2006 09:27:00 PM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

പിന്നെ, ധന എന്റെ അപ്പനെത്തന്നെ മാറ്റിക്കളഞ്ഞു. ജോസഫ് എന്റെ അപ്പനല്ലേയല്ല... എന്റെ അപ്പന്റെ പേര് ഫ്രാന്‍സീസ് എന്നാണേ!

 
At 5/07/2006 09:52:00 PM, Anonymous Anonymous said...

ബെന്നീ, അണിയറയിലുള്ളതിനെങ്കിലും ശരിയായ വിവരങള്‍ നല്‍കി അങനെത്തന്നെ എഴുതണമെന്ന്‌ നിര്‍ബന്ധിക്കൂ. “ആദ്യത്തെ ബ്ലോഗ്” എന്നൊക്കെ പറയണോ? ക്രെഡിറ്റുകളും ദെബിറ്റുകളുമൊക്കെ അനാവശ്യമാണ് എന്നാണെന്റെ തോന്നല്‍. പോളിന്റെ ബ്ലോഗ്‌ 99 മുതലുണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പിന്നെ നമ്മുടെ പെരിങോടന്‍ വയസ്സുകൊണ്ട്‌ ചെറുപ്പമാണെങ്കിലും ബ്ലോഗുകൊണ്ട്‌ വയസ്സായവനാണവന്‍. ചിലതെല്ലാം പ്രിന്റ് ഔട് എടുത്തുകാണിച്ചുകൊടുക്കൂ. -സു-

 
At 5/07/2006 09:55:00 PM, Anonymous Anonymous said...

ക്ഷമിക്കണേ മഞ്ചിത്തിനോടാണ് പറഞത്‌. പൊതുവിവിഅരങള്‍ എല്ലാവര്‍ക്കും ബാധകമാണെങ്കിലും ഇത്‌ മന്‍‌ജിതിന്റെ ബ്ലോഗ് ആണല്ലോ. -സു-

 
At 5/07/2006 10:09:00 PM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

സുനിലേ, ഒന്നൊര മണിക്കൂറിനുള്ളില്‍ എന്തൊക്കെ പറയാമോ അതൊക്കെ ഞാന്‍ ആ കുട്ടിക്ക് പറഞ്ഞുകൊടുത്തിരുന്നു. പിന്നെ, നല്ലൊരു ഹോം‌വര്‍ക്കില്ലാതെ ഇതൊന്നും എഴുതാന്‍ പറ്റില്ല.

കമ്പ്യൂട്ടര്‍, നെറ്റ്, യൂണീക്കോഡ്, ടിടി‌എഫ് ഫോണ്ടുകള്‍, മലയാളം സൈറ്റുകള്‍, ലിനക്സ് എന്നിവയെപ്പറ്റിയൊക്കെ സാമാന്യധാരണ ഇല്ലാത്ത ജേര്‍ണലിസ്റ്റുകളോട് മലയാളം ബ്ലോഗുകളെപ്പറ്റി ഒരക്ഷരം മിണ്ടില്ലെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു കഴിഞ്ഞു.

സുനില്‍ പറയുമ്പോലെ, അണിയറയിലുള്ള ലേഖനം തയ്യാറാക്കുമ്പോള്‍ മന്‍‌ജിത് ശ്രദ്ധിക്കുമല്ലോ?

 
At 5/08/2006 06:58:00 AM, Blogger evuraan said...

കൊള്ളാം, മലയാളം പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ ദൃഷ്ടാന്തം. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയീന്ന് പറയുന്ന പോലെയായി കാര്യങ്ങള്‍.

അറിഞ്ഞതില്‍ പാതി പറയാതെ പോയി,
പറഞ്ഞതില്‍ പാതി പതിരായി പോയി,
പിന്നെയാ കതിരില്‍ പാതി “എങ്ങോ” പോയി.


എങ്കിലും, അവരെഴുതിയല്ലോ..!!

 
At 5/08/2006 07:27:00 AM, Blogger evuraan said...

മഞ്ജിത്തേ,

XML Parsing Error: reference to invalid character number
Location: http://helpwiki.blogspot.com/atom.xml
Line Number 28, Column 1093:

ഒന്ന് റീ-പബ്ലിഷ് ചെയ്തു നോക്കൂ.

 
At 5/08/2006 08:26:00 AM, Blogger .::Anil അനില്‍::. said...

ഇവിടെ ഇതേപ്പറ്റി ദിവസങ്ങള്‍ക്കുമുമ്പ് കണ്ടിരുന്നു.

(വരമൊഴിയില്‍ മറ്റുഫോണ്ടുകളിലുള്ള മാറ്റര്‍ യൂണിക്കോഡാക്കാന്‍ വേവിയ്ക്കുമ്പോള്‍ അക്കങ്ങള്‍ നഷ്ടപ്പെട്ടുപോകാറുണ്ട്. ഇവിടെ മഞ്ജിത് ചെയ്തപ്പോഴും അങ്ങനെയുണ്ടായി എന്നതു ശ്രദ്ധിക്കുക. സിബു വരുമ്പോള്‍ ഇക്കാര്യം ചോദിക്കാം അല്ലേ? )

 
At 5/08/2006 08:48:00 AM, Blogger മന്‍ജിത്‌ | Manjith said...

ഏവൂരാനേ,

പബ്ലിഷാന്‍ നേരം ചില നെറ്റുകുറ്റപ്പെടുത്തലുകള്‍ കണ്ടിരുന്നു. സാങ്കേതിക ജ്ഞാനം അല്പം കൂടുതലായതുകൊണ്ട് പോടാ പുല്ലേ എന്നു പറഞ്ഞു ഞാനങ്ങു ഞെക്കി.

ദാ ഇപ്പോ അനിലേട്ടന്‍ വന്നു പറഞ്ഞപ്പോഴാ ഓളങ്ങളും കാരന്മാരും ഒക്കെ പ്രശ്നമുണ്ടാക്കുന്നതു ശ്രദ്ധിക്കുന്നത്. റിപബ്ലിഷിയിട്ടുണ്ട്. ഇപ്പോ ശരിയായോ ആവോ.

:ആ ധനക്കുട്ടിക്ക് പച്ച മലയാളത്തില്‍ ഇരുന്നൂറ്റമ്പതോളം എഴുപതുകാരന്‍, പതിനഞ്ചുകാരന്‍ എന്നൊക്കെ എഴുതിയാല്‍ പോരായിരുന്നോ.

 
At 5/08/2006 11:24:00 AM, Blogger evuraan said...

മഞ്ജിത്തേ,

രക്ഷയില്ലാശാനേ.

അനുഭവത്തില്‍ നിന്നും കൂടി പറയുകയാണെന്ന് കരുതിക്കോളൂ. ഒരു തവണ ഒരു പോസ്റ്റിനിട്ട് ബ്ലോഗറിടഞ്ഞാല്‍ ആ പോസ്റ്റ് പിന്നെ പോക്കാ.. :)

വേര്‍ഡ്‌പ്രസ്സ് കമ്മന്റുകള്‍ക്കായുള്ള പോസ്റ്റ് (2 എണ്ണം) അനാഥന്മാരായപ്പോഴാണ് ഞാന്‍ ഉമേഷിനെക്കൊണ്ട് പോസ്റ്റിച്ചത്..

ഇതിന്റെ ഫീഡിന്റെ പ്രശ്നം കാണാന്‍, ഒന്നുകില്‍ ഇത് നോക്കൂ. (ആദ്യത്തെ obsolete namespace സാരമില്ല, രണ്ടാമത്തെയാണ് വിലങ്ങുന്നത്..)

അല്ലെങ്കില്‍ ഫയര്‍ഫോക്സില്‍, ഈ ലിങ്കിലേക്ക് ചെല്ലൂ..

എന്തായാലും, താങ്കളുടെ വേര്‍‌ഡ്പ്രസ്സ് ബ്ലോഗില്‍ നിന്ന് ഈ പോസ്റ്റിലേക്ക് ചൂണ്ടുപലക ഒരെണ്ണം എഴുതിയിടുകയാവും നല്ലതെന്ന് തോന്നുന്നു, ലിസ്റ്റില്‍ വരുമല്ലോ. (ഇതെന്താ ലിസ്റ്റില്‍ വരാത്തത് എന്ന് നോക്കിനോക്കിയാണ് ഫീഡ് ക്വാളിഫൈ ചെയ്യുന്നില്ലാ എന്ന് മനസ്സിലാക്കിയത്.)

 
At 5/08/2006 06:07:00 PM, Blogger ഉമേഷ്::Umesh said...

പത്രമാധ്യമങ്ങളെക്കാള്‍ ആശയവിനിമയത്തിനുള്ള സാധ്യത ബ്ലോഗുകളില്‍ കൂടുതലാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്നതിനാല്‍ വിശ്വാസ്യതയുടെ പ്രശ്നം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്‌.

എന്നുവെച്ചാല്‍ പത്രമാധ്യമങ്ങളില്‍ വരുന്നവയ്ക്കു വലിയ വിശ്വാസ്യതയാണെന്നര്‍ത്ഥം. ഉവ്വ ഉവ്വേ!

മന്‍‌ജിത്തേ, വിക്കിവിക്കി എഴുതിയെഴുതി കമന്റുകളിലും കോളനിടാന്‍ തുടങ്ങിയോ?

 
At 5/09/2006 02:08:00 AM, Blogger കല്യാണി said...

ബൂലോകത്തിലെ വിശേഷങ്ങളെക്കുറിച്ച്‌ കുഞ്ഞന്‍സ്‌ പരിചയപ്പെടുത്തിയ നാള്‍ മുതല്‍ തുടങ്ങിയ ആഗ്രഹം ഇന്നലെ മഞ്ജിത്‌ പോസ്റ്റ്‌ ചെയ്ത ധനയുടെ മാതൃഭൂമി ലേഖനം കണ്ടതോടെ ശക്തിപ്പെട്ടു. നമ്മുടെ ബൂലോഗ വിശേഷങ്ങള്‍ മാലോകരെ അറിയിക്കണം! അതും ബെന്നി പറഞ്ഞതു പോലെ കമ്പ്യൂട്ടര്‍, യൂണികോഡ്‌, ടിടിഎഫ്‌ ഫോണ്ടുകള്‍ ആദിയായവയെക്കുറിച്ച്‌ അത്യാവശ്യം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ലേഖനം. അങ്ങനെയാണ്‌ ചെന്നൈയില്‍ ഇന്ത്യാ ടുഡേ മലയാളം പതിപ്പില്‍ ജോലി ചെയ്യുന്ന ചങ്ങാതിയെ വിളിച്ച്‌ കലേഷിന്റെ കല്യാണം മുതല്‍ സൂ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയതു വരെയുള്ള ബൂലോഗ വര്‍ത്തമാനങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചത്‌. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അദ്ദേഹം പ്രഭു ചാവ്‌ലക്ക്‌ proposal അയയ്ക്കുന്നു. ദാ ഇന്നു രാവിലെ ചാവ്‌ലാജിയുടെ അനുമതിയും എത്തി. ഇനി വേണ്ടത്‌ നിങ്ങളുടെയെല്ലാം സഹായമാണ്‌. ഈ ലേഖനത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ ഈ ഈമെയില്‍ വിലാസത്തില്‍ അയച്ചാല്‍ ഉപകാരം. ഫോണ്‍ നമ്പര്‍ കൂടി നല്‍കിയാല്‍ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ക്ക്‌ നിങ്ങളെ ബന്ധപ്പെടാനും എളുപ്പമായി.

 
At 5/09/2006 02:50:00 AM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

ധനയുടെ ഇന്റേണ്‍ഷിപ്പ് സാധനത്തിനിടയിലും മാതൃഭൂമി ജോണിച്ചേട്ടന്‍ കാച്ചിയ ആ കാച്ച് ഉമേഷ് ശ്രദ്ധിച്ചുവല്ലോ. ജോണിച്ചേട്ടന് ബ്ലോഗില്‍ അത്ര വിശ്വാസം പോരാ. ജോണിച്ചേട്ടന് മാത്രമല്ല, മിക്ക പരമ്പരാഗത മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്റര്‍നെറ്റ് മീഡിയയെ പിടുത്തമില്ല.

ഗിരീഷും (രായസപ്പുര ഗിരീഷ്) ഞാനും കൂടി ജോണിച്ചേട്ടനോട് ഒന്നു സംസാരിക്കണം എന്ന് കരുതിയിരിക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങള്‍ക്കുള്ള വിശ്വാസ്യത, ബ്ലോഗിലെത്തുമ്പോള്‍ എങ്ങനെ പോയിമറയുന്നു എന്നറിയണമല്ലോ.

പിന്നെ കല്യാണ്യേ, ഇന്ത്യാടുഡേ മലയാളത്തില്‍ കവര്‍ സ്റ്റോറി ഉള്‍പ്പെടെ, പ്രധാന ലേഖനങ്ങളൊന്നും തന്നെ പ്രാദേശിക ഭാഷകളില്‍ ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട് ഇല്ലെന്നാണ് തോന്നുന്നത്. അവസാന രണ്ടോ മൂന്നോ താളുകള്‍ മാത്രമാണ് ചെന്നൈയിലുള്ള ഇന്ത്യാടുഡെയുടെ മലയാളം ടീമുകാര്‍ക്ക് ചാവ്‌ല വിട്ടുകൊടുക്കാറ്. ഇനിയിപ്പോള്‍ ഇന്ത്യാടുഡേ ഇംഗ്ലീഷ് പതിപ്പിലാണോ സംഭവം വരുന്നത്? അങ്ങിനെയാണെങ്കില്‍ ഇന്ത്യന്‍ ഭാഷകളിലുള്ള ബ്ലോഗുകളെപ്പറ്റിയുള്ള സമഗ്രപതിപ്പിറക്കാനാവും അവരുടെ പരിപാടി.

ഏവൂരാന്‍ പറയുമ്പോലെ, എന്തെങ്കിലും കുന്തമാവട്ടെ, മാതൃഭൂമി അതെങ്കിലും ചെയ്തുവല്ലോ. അല്ലാതെന്തു പറയാന്‍?

 
At 5/09/2006 03:26:00 AM, Blogger ദേവന്‍ said...

ബെന്നിയേ,
goods (and services) are worth what you pay for it എന്ന സാമ്പത്തിക ശാസ്ത്ര നിയമത്തിന്‍പടി ചുമ്മാ കയറി വായിക്കാവുന്ന ബ്ലോഗിനെ പണം വാങ്ങി മാതൃഭൂമി വില്‍ക്കുന്ന മാഗസീനില്‍ നിന്നും താണതരമെന്ന് കാണാന്‍ നമ്മള്‍ മാനസികമായി പര്‍ശീലിക്കപ്പെട്ടവരാണ്‌. (ഉദാ: ഇരുനൂറു രൂപക്കു വാങ്ങിയ കുപ്പായത്തുണിയെക്കാള്‍ അമ്പതു മടങ്ങു നല്ലതാണ്‌ പതിനാരിയം കൊടുത്തു വാങ്ങിയതെന്ന് ചിന്തിച്ചു പോകുന്നത്‌)

എന്നാല്‍ ആത്മസംതൃപ്തിക്കുവേണ്ടിയോ ജീവിതാഭിലാഷങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയോ ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ വിലമതിക്കാനാവില്ല. ഞാനെഴുതുന്ന ഈ പോസ്റ്റ്‌ എനിക്കു തരുന്ന തൃപ്തിയാണതിന്റെ വില. കുഞ്ഞിനെ ബില്ല് അടച്ചു വാങ്ങിയതല്ല അതുകൊണ്ടതിനു പുല്ലു വില എന്നു പറയാമോ എന്ന് ചിന്തിക്കാന്‍ മാദ്ധ്യമങ്ങളെ - മുഖ്യധാരക്കാരെ പ്രേരിപ്പിക്കുകാണൊരു പോംവഴി.

ഇന്റര്‍നെറ്റെന്നാല്‍ ജോലിക്ക്‌ സീ വീ അയക്കാനും പിന്നെ വെറുതേ ഇരിക്കുമ്പോള്‍ കിന്നാരം പറയാനുമുള്ള സംവിധാനമെന്ന ഒരു പൊതുജനധാരണ പതുക്കെ മാറിവരുന്നതേയുള്ളു.. ഒരു പക്ഷേ ബ്ലോഗ്ഗര്‍ കാലത്തിനു മുന്നേ സഞ്ചരിക്കുന്നവരെന്ന നിലക്ക്‌ ജനം ശ്രദ്ധിക്കാതെ പോകുന്നവരുമാകാം..

 
At 5/09/2006 04:41:00 AM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

‘അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം / അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് ബ്ലോഗുന്ന മര്‍ത്ത്യര്‍ കഥയെന്തു കണ്ടൂ?’ എന്നാണ് പരമ്പരാഗത മാധ്യമങ്ങളുടെ ചോദ്യം.

പരമ്പരാഗത മാധ്യമങ്ങള്‍ക്ക് സോഴ്സ് വെരിഫൈ ചെയ്യാന്‍ അനവധി മാര്‍ഗ്ഗങ്ങളുണ്ട്, എന്നാല്‍ നെറ്റിലെ മാധ്യമങ്ങള്‍ക്ക് അതില്ലെന്നാണ് ബ്ലോഗിനെതിരെയുള്ള ആദ്യ പരാതി. പത്രമിടാന്‍ വരുന്ന ലോക്കല്‍ സ്ട്രിംഗര്‍ തൊട്ട് പത്രാധിപര്‍ വരെ നീളുന്ന നീണ്ടൊരു വെരിഫിക്കേഷന്‍ നിര പത്രത്തിനുണ്ട്. വ്യക്തിപരമായ അഭിപ്രായങ്ങളും ചിന്തകളുമാണ് ബ്ലോഗുകള്‍ പ്രകടിപ്പിക്കുന്നത് എന്ന് രണ്ടാം പരാതി. തോന്നിയത് തോന്നിയപോലെ പടച്ചുവിടുന്ന സൈറ്റുകളും ബ്ലോഗുകളും ഉണ്ടെന്ന് സമ്മതിക്കാതെ വയ്യ. പിള്ളാര്‍ക്ക് കൊച്ചുവര്‍ത്തമാനം പറയാനുള്ളതല്ലേ ബ്ലോഗെന്നാണ് ഇനിയൊരു പരാതി. അതും ശരിതന്നെ, ബ്ലോഗുലകത്തിലെ 60 ശതമാനത്തോളമെണ്ണം കൊച്ചുവര്‍ത്തമാനം പറയുന്നവ തന്നെ.

ലോകത്തിലെ ഏറ്റവും നല്ല നടന്‍ കുഞ്ചനാണെന്ന് എനിക്ക് ബ്ലോഗെഴുതാം. എന്നാല്‍ വായിക്കുന്നവര്‍ വെറുതെ വിടുമോ? തന്തയ്ക്ക് വിളിച്ചുകൊണ്ട് കമന്റുകള്‍ വന്നു കുമിയില്ലേ? അതായത്, ഇമ്മീഡിയറ്റ് കളപറിക്കല്‍ നടക്കുന്ന ഒരേയൊരു മാധ്യമം ബ്ലോഗുകള്‍ തന്നെ. ബ്ലോഗും കമന്റുകളും ചേര്‍ന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ വിശ്വാസ്യതയുള്ള മാധ്യമമാവും എന്നാണ് എന്റെ വിശ്വാസം.‍

സ്വകാര്യം! നല്ല വിശ്വാസ്യതയാണ് മനോരമയ്ക്കും മാതൃഭൂമിക്കുമുള്ളത്. അവരൊക്കെ വെച്ചുതാങ്ങുന്ന ഗര്‍ഭംകലക്കി ഗുണ്ടുകളുടെ മുമ്പില്‍ ബ്ലോഗിലെ പരാക്രമങ്ങള്‍ വെറും ഓലപ്പടക്കങ്ങളാണ്.

‘ഇടിവെട്ട്’, ‘അമിട്ട്’, ‘മറ്റേധ്വനി’എന്നൊക്കെപ്പറഞ്ഞ് പത്രങ്ങളും മാസികകളും ഇല്ലേ? ആര്‍ക്കും പ്രശ്നമില്ലാത്ത കൊച്ചുവര്‍ത്തമാനങ്ങളാണ് ബ്ലോഗുകളില്‍ നടക്കുന്നത്. എന്നാല്‍ ഫയറിലും ക്രൈമിലുമൊക്കെ നടക്കുന്നതെന്ത്? വനിതയും മഹിളാരത്നവുമൊക്കെ എന്ത് സീരിയസ് വര്‍ത്തമാനങ്ങളാണ് പറയുന്നത്?

മലര്‍ന്നു കിടന്നു തുപ്പിയാല്‍ മുഖത്തുതന്നെ വീഴുമെന്നേ, ബ്ലോഗിനെ എതിര്‍ക്കുന്ന പരമ്പരാഗത മാധ്യമപ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളൂ.

 
At 5/09/2006 04:46:00 AM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

കല്യാണ്യേ, സംഭവം സത്യമാണല്ലോ. ബിന്ദുരാജാണ് ബ്ലോഗ് ലേഖനം ചെയ്യുന്നത് അല്ലേ. എല്ലാവരും ഒരു കൈ സഹായിച്ചാല്‍ ലേഖനം തകര്‍ക്കാം. ബിന്ദുരാജിന് വേണ്ടതെല്ലാം നമുക്ക് കൊടുക്കണം.

 
At 5/09/2006 05:08:00 AM, Blogger അതുല്യ said...

ബെന്നീ, ഞാനും ഇത്‌ ഇന്ന് പറയണമ്ന്ന് കരുതിയിരുന്നതാ, മാധ്യ്‌-മങ്ങള്‍ക്ക്‌ ഒരു ഭീഷണി പോലെ ബ്ലോഗിന്റെ വളര്‍ച്ച അവര്‍ക്ക്‌ തോന്നുന്നുണ്ടാവണം.

ഇന്നു ഗള്‍ഫ്‌ ന്യൂസ്‌ പേപ്പറില്‍ ബ്ലോഗിനെ കുറിച്ച്‌ ഒരുവന്‍, Ctrl C,Ctrl V (Copy Paste )സിന്‍ഡ്രോം എന്നോക്കെ പറഞ്ഞ്‌ പരത്തി നിരത്തി ഒരു അവലോകനമുണ്ടായിരുന്നു. ഇന്ത്യയുടെയോ, കേരളത്തിന്റെയോ കാര്യമല്ലാ,ആഗോളനിലവാരത്തിലാണു വിലയിരുത്തല്‍. പക്ഷെ, ആ എഴുത്തുകാരന്റെ Ctrl C,Ctrl V baasha എനിക്കെന്തോ അത്ര പിടിച്ചില്ലാ.

നാളെ പറ്റുമെങ്കില്‍ ഞാന്‍ Ctrl C,Ctrl V aakki ithil idam.

 
At 5/09/2006 05:11:00 AM, Blogger ദേവന്‍ said...

സോഴ്സ്‌?
വിഭാഗം ഒന്ന്
ഫിക്ഷന്‍ ബ്ലോഗ്‌ - പെരിങ്ങോടന്റെ കഥകള്‍, ഇന്ദുവിന്റെ കവിതകള്‍, അതുല്യക്കഥ സൂക്കഥ എവൂരാന്‍ കഥ.. എന്തു സോശ്ഷ്‌?

വിഭാഗം രണ്ട്‌ - ഫോട്ടോ ബ്ലോഗ്‌. ബ്ലോഗന്‍ തന്നെ സോശ്ഷ്‌ . നളനും കുമാറും യാത്രാമൊഴീം തുളസീം ഒക്കെ തന്നെ സോര്‍സ്‌.


വിഭാഗം മൂന്ന് ന്യൂസ്‌ കമ്പൈലേഷന്‍ ബ്ലോഗ്ഗ്‌
കിറുക്രിത്യമായി സോഴ്സ്‌ കൊടുക്കുന്നുണ്ട്‌ ആരു എവിടെ പ്രസിധീകരിച്ചു എന്നൊക്കെ ഉദാ: കലേഷിന്റെ സാംസ്കാരികം

വിഭാഗം നാല്‌ പ്രബന്ധ ബ്ലോഗ്ഗ്‌ - പ്രിന്റ്‌ മീഡിയയിലെന്നപോലെ പ്രബന്ധകാരന്‍ തന്നെ സോഴ്സ്‌ ഉണ്ടെന്നും പരിശോധിച്ചെന്നും വ്യംഗ്യേന സാക്ഷ്യപ്പെടുത്തുന്നു. ഉദാ. സ്മാര്‍ട്ട്‌ സിറ്റി, സംവരണം എതു കൊമ്പന്‍ എഴുതിയാലും ഉള്ള ആധികാരികത ഒക്കെ ഇതിനില്ലേ?

വിഭാഗം അഞ്ച്‌ സയന്‍സ്‌-ആര്‍ട്ട്‌ ആദികള്‍ . അതതു വിഷയത്തില്‍ തൊഴില്‍പരമായൌം മറ്റും അറിവുള്ളവര്‍ എഴുതുന്നത്‌ - ഉദാ: സീയെസ്സിന്റെ ശാസ്ര്ത്രലോകം ഇതിനിനി അബ്ദുല്‍ക്കലാമിനെക്കൊണ്ട്‌ സര്‍ട്ടിഫൈ ചെയ്യിക്കുമോ പ്രിന്റ്‌ മാദ്ധ്യമം?

വിഭാഗം ആറ്‌ ആത്മകഥാപരമായ ബ്ലോഗുകള്‍ ഉദാ- കൊടകര. അവനവനെക്കാള്‍ എത്‌ സോഴ്സ്‌? കൊടകരക്കാരെ ഇന്റര്‍വ്യൂ ചെയ്യണോ ഇതിടാന്‍?

iraq യുദ്ധബ്ലോഗ്‌, ഒമ്പതേല്‍ പതിനൊന്നു ബ്ലോഗ്‌ എന്നൊക്കെ പത്രത്തില്‍ വായിച്ച ചേട്ടന്മാര്‍ ഇത്‌ എന്തോ ന്യൂസ്‌ റിപ്പോര്‍ട്ടിംഗ്‌ ആണെന്നും ചുമ്മാ വീട്ടില്‍ നിന്നും പടച്ചു വിടുന്ന കള്ള വാര്‍ത്തയാണെന്നുമൊക്കെ
ധരിച്ചുവശായിക്കാണും അതാണു സോഴ്സ്‌ രോയിട്ട്റ്റേഴ്സോ അതോ പി റ്റി ഐ യോ എന്നൊക്കെ ചോദിക്കാന്‍ മുതിരുന്നത്‌.

വില?
പ്രോഫഷണല്‍ വരപ്പുകരന്‍ സാക്ഷിയുടെ വരക്ക്‌ മാതൃഭൂമി മദനനു കൊടുത്ത വിലയിട്ടോ.

മുദ്രയുടെ താരിഫ്‌ അനുസരിച്ചുള്ള ബില്ല് കുമാറിന്റെ ഫോട്ടോക്കിടാം. പെരിഗ്ങ്ങ്നോടന്‍, ഏവൂരാന്‍ ആദി ടെച്നോവെഴുത്തിനു അവരവരുടെ കമ്പനിയുടെ മണിക്കൂര്‍ ചാര്‍ജ്ജ്‌ ഇടാം. ബെന്നിയുടെ ലേഖനങ്ങള്‍ക്ക്‌ വെബ്‌ലോക കണക്കില്‍ ഇടാം. അങ്ങനെ പോട്ടെ തല്‍ക്കാലം. എന്നിട്ട്‌ വേണേല്‍ മാസാമാസ കണക്കു കൂട്ടി പ്രിന്റേട്ടനു കാണിക്കാം എത്ര ലക്ഷം രൂപയുടെ ചരക്കുണ്ടെന്ന്!!

പത്തു ചക്രത്തിനായി മിസ്സിസ്‌ മാത്യൂ പടച്ച പുസ്തകവും സൂവിന്റെ പാചക ബ്ലോഗ്ഗും താരതമ്യം ചെയ്യുന്നതെങ്ങനെ പ്രിന്റേട്ടാ? ഇതെന്തരു അഴുക്ക പ്രിന്റന്‍ . അയ്യം.

 
At 5/09/2006 05:21:00 AM, Blogger കുറുമാന്‍ said...

വിഭാഗം ഏഴ് - ആരോഗ്യ സംബ്ന്ധ ബ്ലോഗുകള്‍ - ആയുരാരോഗ്യം തുടങ്ങിയവ എന്തേ വിട്ടുകളഞ്ഞു ദേവേട്ടാ? ഇത്രയും വേണോ എളിമ?

 
At 5/09/2006 05:29:00 AM, Anonymous Anonymous said...

ലേഖനത്തിന്റെ സ്കോപ്പ്‌ എന്താണെന്നാണ് എന്റെ സംശയം. ബ്ലൊഗുകള്‍ മാത്രമായി കാണാന്‍ പറ്റുന്നതാണോ? ഒന്നുമില്ലെങ്കില്‍ മലയാളത്തിലെങ്കിലും ഒരു പ്രത്യേകത ബ്ലോഗരും വിക്കിപ്പീഡിയയും തമ്മിലുള്ള അടുപ്പമാണ്. അതിനാല്‍ തന്നെ വിക്കിപീഡിയായെപ്പറ്റി പറയാതെ പോകാമോ? ബ്ലോഗ് വ്യക്തിയുടെയും വിക്കിപീഡിയ ഒരു സമൂഹത്തിന്റേയും പരിഛേദമാണ്. യൂണിക്കോഡിന്റെയൊക്കെ പറ്റി പറയുമ്പോള്‍ ഇന്റെര്‍നെറ്റിലെ മലയാളം കോണ്ടന്റിനെപ്പറ്റിയൊക്കെ പറയേണ്ടിവരും. ഇല്ലേ? -സു-

 
At 5/09/2006 05:34:00 AM, Anonymous Anonymous said...

ഈ “സിന്ദ്രോം” മറ്റുനാടുകളില്ലല്ലൊ. ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷകളിലെഴുതുന്ന ബ്ലോഗുകള്‍‌ക്കുമില്ലല്ലൊ. എങ്കില്‍ ടൈംസ്‌ ഓഫ് ഇന്ദ്ത്യയും ഹിന്ദുവുമൊക്കെ ബ്ലോഗുകളില്‍ നിന്നും ക്ക്വോട്ട്‌ ചെയ്ത്‌ എഴുതുമോ? കാര്യം, ഗല്‍ഫ് ന്യൂസിലെഴുതിയത്‌ വലിയ വിവരമില്ലാത്തവനആണ്, മുന്‍‌കൂര്‍ ധാരണയോടെ എഴുതിയതാണ് എന്നാ‍ാണെനിക്ക്‌ തോന്നിയത്‌. -സു-

 
At 5/09/2006 05:35:00 AM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

ദേവേട്ടന്‍ പറഞ്ഞപ്പഴാ ബ്ലോഗുലകത്തിന് ഞാനും വിലയിട്ടു നോക്കിയത്. ഈവിധമൊരു എക്കോണോമിക്കല്‍ വിശകലനം നടത്തിയതിന് നന്ദി!

ഹെന്റമ്മോ! വിലയിട്ടു നോക്കുമ്പോള്‍ തല കറങ്ങുന്നു. ഇത് ലിനക്സ് പോലെയാവാന്‍ ഇനിയധികം സമയം എടുക്കില്ല. ആവേശത്തിന്റെ, സംതൃപ്തിയുടെ പുറത്ത് കുറേ പോരാളികള്‍ പ്രതിഫലമില്ലാതെ ജോലിയെടുത്തതിന്റെ ഫലമാണല്ലോ ലിനക്സ് (അതിപ്പോള്‍ പലരും വിറ്റ് കാശാക്കുന്നുണ്ടെങ്കിലും).

അതുല്യേ(ച്ച്യേ?), ആ ഗള്‍ഫ് ന്യൂസ് ലേഖനത്തിന്റെ ലിങ്കൊന്ന് തരാക്കാമോ?

മലയാളം ബ്ലോഗില്‍ വരുന്നത് മുഴുവന്‍, നന്നായൊന്ന് എഡിറ്റ് ചെയ്താല്‍ കൊടികെട്ടിയ മാധ്യമങ്ങള്‍ ഇറക്കുന്നതിലും മികച്ചൊരു പ്രസിദ്ധീകരണത്തിനുള്ള കോപ്പുണ്ടാവുമെന്ന് കഴിഞ്ഞയാഴ്ച സിബുവും ഞാനും സംസാരിച്ചതേയുള്ളൂ.

 
At 5/09/2006 05:47:00 AM, Blogger അതുല്യ said...

ബെന്ന്നീ, ഞാന്‍ തപ്പീട്ട്‌ ഓണ്‍ലൈനിലു ആ പോര്‍ഷന്‍ കണ്ടില്ലാട്ടോ. നാളെ ഞാന്‍ സ്കാന്‍ ചെയ്ത്‌ ഇടാം ട്ടോ.

 
At 5/09/2006 05:50:00 AM, Blogger അതുല്യ said...

ബെന്ന്നീ, ഞാന്‍ തപ്പീട്ട്‌ ഓണ്‍ലൈനിലു ആ പോര്‍ഷന്‍ കണ്ടില്ലാട്ടോ. നാളെ ഞാന്‍ സ്കാന്‍ ചെയ്ത്‌ ഇടാം ട്ടോ.

 
At 5/09/2006 06:20:00 AM, Blogger കല്യാണി said...

ബിന്ദുരാജിന്റെ വിളി ഇതിനകം അങ്ങെത്തി അല്ലേ? എന്തായാലും ലേഖനം ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യാ ടുഡേ മലയാളം പതിപ്പിന്റെ അവസാന താളുകളിലൊന്നില്‍ പ്രത്യക്ഷപ്പെടും. ബൂലോഗത്തെക്കുറിച്ച്‌ നിങ്ങള്‍ക്കു പറയാനുള്ളതൊക്കെ ഈ വിലാസത്തില്‍ ഉടന്‍ എഴുതാന്‍ മറക്കരുതേ. പരമ്പരാഗത മാധ്യമങ്ങളുടെ നിലപാടെന്തു തന്നെയായാലും ബൂലോഗത്തെക്കുറിച്ച്‌ ഇങ്ങനെയെങ്കിലും നാലു പേര്‍ അറിയട്ടെ.

മഞ്ജിതിനു നന്ദി - ധനയുടെ ലേഖനം പോസ്റ്റ്‌ ചെയ്തതിന്‌. രണ്ടു മണിക്കൂര്‍ മറ്റു ജോലികള്‍ മാറ്റി വെച്ച്‌ കുഞ്ഞന്‍സിന്റെ സഹായത്തോടെ കൊള്ളാവുന്ന മലയാളം ബ്ലോഗുകളുടെ പട്ടിക തയ്യാറാക്കി ബിന്ദുരാജിനു അയച്ചു കൊടുത്ത്‌, കലേഷിന്റെ കല്യാണം ബ്ലോഗുലകം ആഘോഷിക്കുന്നതിലെ human interest point വിശദീകരിച്ച്‌ വിഷയത്തിന്റെ കാലിക പ്രസക്തി ഇഷ്ടനെ ബോധ്യപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചത്‌ അതായിരുന്നു.

 
At 5/09/2006 09:02:00 AM, Blogger .::Anil അനില്‍::. said...

ബെന്നി,

ഇതാണ് ഗള്‍ഫ് ന്യൂസിലെ ആ
അഭിപ്രായക്കുറിപ്പ്.

 
At 5/09/2006 09:04:00 AM, Blogger മന്‍ജിത്‌ | Manjith said...

ആധികാരികതയളക്കുന്നതിന്റെ പ്രശ്നമൊന്നുമല്ല ഇത്. അറിയാത്ത കാര്യങ്ങളെപ്പറ്റി കൊള്ളില്ല എന്നു പറഞ്ഞങ്ങു തള്ളുകയല്ലേ എളുപ്പം.

ബ്ലോഗിന്റെ ആധികാരികതയില്‍ സംശയമുള്ളതുകൊണ്ടാവാം പാശ്ചാത്യ മാധ്യമങ്ങളപ്പാടെ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെ ബ്ലോഗുകള്‍ തുറന്നു വച്ചിരിക്കുന്നത്!! കഷ്ടം, കേരളത്തിലുള്ളവര്‍ ഇതൊന്നുമറിയില്ലല്ലോ. കത്രീന ദുരന്തകാലത്ത് വാര്‍ത്തകളേക്കാള്‍ ഹിറ്റായത് അതു റിപ്പോര്‍ട്ടു ചെയ്യാന്‍പോയവരുടെ ബ്ലോഗ് കുറിപ്പുകളായിരുന്നു. ഇതു ബോധ്യപ്പെട്ടതുകൊണ്ടുതന്നെയാ‍ണ് യാഹൂ മുതലായവര്‍ ബ്ലോഗ് എന്ന സ്ലഗില്‍ത്തന്നെ ചിലതൊക്കെ കുറിച്ചുവച്ചിരിക്കുന്നത്.

ദേവന്‍ ചൂണ്ടിക്കാണിച്ച സോഴ്സിങ് എനിക്കിഷ്ടപ്പെട്ടു. ബ്ലോഗിലെഴുതുന്നവരിലധികവും സോഴ്സിടുന്നുണ്ട് എന്നതാണു വാസ്തവം. എന്നാല്‍ മലയാളം പത്രങ്ങളോ? ഇറാക്ക് യുദ്ധദൃശ്യങ്ങളൊക്കെ സ്വന്തം ഫൊട്ടോഗ്രാഫന്മാര്‍ ഒപ്പിയെടുത്തിട്ടപോലെയല്ലേ തട്ടിവിടുന്നത്. ഓണ്‍ലൈന്‍ പത്രങ്ങളാണെങ്കില്‍ ബഹുകേമം. ഏജന്‍സി വാര്‍ത്തകളൊക്കെ പരിഭാഷപ്പെടുത്തിയിട്ടിട്ട് സ്വന്തം ലേഖകന്‍ എന്നും ഉളുപ്പില്ലാതെ തട്ടിവിടുന്നു.

എന്റെ നോട്ടത്തില്‍ ബ്ലോഗ് ബെന്നിയും ദീപക്കും തുടങ്ങിവച്ചതുപോലെയുള്ള ചര്‍ച്ചകളും ന്യൂസ് റിപ്പോര്‍ട്ടിങ്ങുംകൂടെ തുടങ്ങിയാല്‍ ഈ പറയുന്ന ആധികാരികതാ തമ്പുരാക്കന്മാരുടെ കാര്യം കഷ്ടത്തിലാകും.

ന്യൂമീഡിയകളോടുള്ള കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ പ്രതികരണങ്ങളും എന്നെ അല്‍ഭുതപ്പെടുത്തുന്നു. സമപ്രായക്കാരായ പത്രപ്രവര്‍ത്തക സുഹൃത്തുകളോട് കുറേക്കാലമായി ഇതിനെക്കുറിച്ചു പറയുന്നു. ഫോണില്‍ വിളിക്കുമ്പോള്‍ ഇങ്ങോട്ടൊരു കാച്ചുകാച്ചും. ഇവിടെ ഇന്ദുലേഖ എന്നൊരു സംഭവമുണ്ട് കേട്ടോ. സംഗതി തകര്‍പ്പനാ...എന്നിങ്ങനെ ഒരു കാച്ച്. ആശയം നല്ലതുതന്നെ എന്നാല്‍ അതിന്റെ സങ്കേതമുപയോഗിച്ചുതന്നെ മലയാളത്തില്‍ ചിലതൊക്കെ നടക്കുന്നുണ്ട് എന്നു പറയാന്‍ ഇന്ദുലേഖക്കാരന്‍ മടിക്കുന്നതെന്തിന് എന്നെനിക്കു സംശയമുണ്ട്. ഇത്തരമൊരു പരിചയപ്പെടുത്തലിനുപകരം ഇന്ദുലേഖയില്‍ നടക്കുന്നതൊക്കെ ജാലവിദ്യകളാണെന്ന മട്ടിലുള്ള പി.ആര്‍. പീസുകളാണ് മലയാള മാധ്യമങ്ങളില്‍ അപ്പാടെ.(എന്റെ സുഹൃത്ത് ടോം ക്ഷമിക്കുക)

സമപ്രായക്കാരോടു സംസാരിച്ചു മടുത്ത എനിക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷയുടെ ഒരു കിരണം കാണാനൊത്തു. അതു തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രനില്‍ നിന്നാണ്. ഒന്നു സംസാരിച്ചതുമുതല്‍ അദ്ദേഹം ബ്ലോഗുകളെക്കുറിച്ചും, യുണിക്കോഡിനെക്കുറിച്ചും താല്പര്യത്തോടെ ചോദിച്ചറിഞ്ഞു. വരമൊഴി ഉപയോഗിച്ചു ശീലമുള്ള അദ്ദേഹം താമസിയാതെ ബ്ലോഗിങ്ങിലേക്കുമെത്തിയേക്കും(അദ്ദേഹത്തിനു സ്വന്തമായി ഒരു സൈറ്റ് പണ്ടേ ഉണ്ട്).

നോക്കണേ, മുപ്പതില്‍ത്താഴെയുള്ള പത്രക്കാരേക്കാള്‍ ന്യൂമീഡിയയെ സ്വാഗതംചെയ്യാന്‍ അല്പം മുതിര്‍ന്ന ഒരാള്‍ വേണ്ടിവരുന്നു.

കല്യാണി കണ്ടെത്തിയ ബിന്ദുരാജ് ഏതായാലും പ്രതീക്ഷിയര്‍പ്പിക്കാവുന്ന ആളാണ്. ലോകത്തു നടക്കുന്നവയെപ്പറ്റി സാമാന്യബോധമുണ്ടദ്ദേഹത്തിന്.

അതെ, പ്രതീക്ഷയോടെ കാത്തിരിക്കാം.

 
At 5/09/2006 09:13:00 AM, Blogger പെരിങ്ങോടന്‍ said...

ഏപ്രില് ലക്കത്തിലെ തര്ജ്ജനിയില് "ആഘോഷിക്കപ്പെടുന്ന സ്വകാര്യത" എന്ന പേരില് തര്ജ്ജനിയിലെ പ്രതിമാസ ബ്ലോഗ് അവലോകനം പ്രത്യക്ഷപ്പെട്ടിരുന്നു. ആ തലക്കെട്ടിനെ സാധൂകരിക്കുന്ന ലേഖനമായിരുന്നില്ലെങ്കിലും ബ്ലോഗിനെ കുറിച്ചുള്ള ആ നിരീക്ഷണം വളരെ അര്ഥവത്താണു്. ഒപ്പം തന്നെ പറയട്ടെ, "ആഘോഷിക്കപ്പെടുന്ന സ്വകാര്യത" മാത്രമാണു ബ്ലോഗ് എന്നു പറയുവാന് കഴിയില്ല. പ്രത്യേകം നിശ്ചയിക്കപ്പെട്ട വിഭാഗങ്ങളോ, വിഷയങ്ങളോ ബ്ലോഗിനും/ബ്ലോഗര്ക്കും ഒരു മാനദണ്ഡമായി കരുതുവാനില്ലാത്തതു തന്നെ കാരണം. എന്തും! എന്നൊരു വിശദീകരണം ബ്ലോഗിനെ കുറിച്ചു പരമ്പരാഗത മാധ്യമങ്ങള്ക്കു നല്കേണ്ടതുണ്ടു്, ഇതാകട്ടെ വളരെ വിഷമം പിടിച്ചൊരു കാര്യവുമാണു്. അതുല്യയൊരു ഫോട്ടോസ്റ്റോറി ലിങ്കുകള് ഉപയോഗിച്ചതു ചെയ്തതോര്ക്കുന്നില്ലേ? ഇവിടെ ബ്ലോഗിനെ മനസ്സിലാക്കിയെടുക്കുവാന് ടെക്നിക്കല് പരിചയം കൂടി വേണ്ടിവരുന്നു. സത്യത്തില് ബ്ലോഗെന്താണു്? സ്വന്തം breathing/thinking "സ്പേസ്" -നു നല്കുവാന് കഴിയുന്ന personalization -ന്റെ extrem തന്നെയാണു് ബ്ലോഗുകള്, അപ്പോഴും അതൊരു പൂര്ണ്ണമായ നിര്വചനമാകുന്നില്ല. കാരണം പലപ്പോഴും ബ്ലോഗുകള് വ്യക്തിപരമല്ലാതെയും തെളിഞ്ഞു നില്ക്കുന്നു. ദേവന് ആരോഗ്യപരിപാലനത്തെ കുറിച്ചു ഒരു ബുക്കെഴുതുന്നതിനു പകരം ബ്ലോഗെഴുതുന്നതെന്തുകൊണ്ടാണു്? ഇവിടെയാണു നേരത്തെ പറഞ്ഞ breathing/thinking space -ന്റെ personalization വരുന്നതു്. ദേവനിഷ്ടമുള്ള രീതിയില്, പ്രത്യേകമായ ചിട്ടവട്ടങ്ങളോ, പരമ്പരാഗതമായ രീതികളോ ഒന്നും തന്നെയില്ലാതെ ആശയവും ചിന്തയും പ്രകടിപ്പിക്കാം (ഇതിനു അയാളെ പ്രേരിപ്പിക്കുന്നതു ബ്ലോഗിനു വന്നേയ്ക്കാവുന്ന കമന്റുകള് മാത്രമാവില്ല, കമന്റൊന്നും വന്നില്ലെങ്കിലും എഴുത്തു തുടര്ന്നേയ്ക്കും) ഒരാള് നല്ല രീതിയില് വസ്ത്രം ധരിക്കുന്നതിനു കാരണമെന്താവും? നല്ല രീതിയില് accept ചെയ്യപ്പെടുവാന്? Accept ചെയ്യപ്പെടുവാന് താല്പര്യമില്ലാത്തവര്ക്കും നല്ല രീതിയില് വസ്ത്രം ധരിക്കാം, എന്തിനാകുമതു്? ഒരു പക്ഷെ നല്ല രീതിയില് സ്വന്തം വ്യക്തിത്വത്തെ present ചെയ്യുന്നതിനാകാം (റിബലുകള്ക്കും ബ്ലോഗ് ഈറ്റില്ലമാകുന്നതും ഇതുകൊണ്ടു തന്നെ)

ബ്ലോഗുകള്ക്കു മാധ്യമങ്ങളില് നിന്നു വേറിട്ടൊരു വ്യക്തിത്വമുണ്ടു്, അതു ബ്ലോഗെഴുത്തില്‍ ലഭ്യമായിരിക്കുന്ന ഈ സ്വകാര്യതയുടെയാവണം (നേരത്തെ പറഞ്ഞ ആ breathing/thinking സ്പേസ് നല്കുന്ന സ്വകാര്യത) ആ സ്വകാര്യതയുടെ ആഘോഷമാണു ബ്ലോഗുലകം.

--അപൂര്‍ണ്ണം

 
At 5/09/2006 09:54:00 AM, Blogger .::Anil അനില്‍::. said...

നന്ദി മന്‍‌ജിത്.

ശ്രീ.എന്‍.പി. രാജേന്ദ്രന്റെ വെബ്‌സ്പേസില്‍ ഇപ്പോള്‍ത്തന്നെ ഇംഗ്ലീഷില്‍ ബ്ലോഗുണ്ടല്ലോ.

പുതിയ വര്‍ത്തമാനങ്ങള്‍ ഒക്കെയും പ്രതീക്ഷയുടേതാവുന്നത് നല്ലതുതന്നെ.

 
At 5/09/2006 09:56:00 AM, Blogger .::Anil അനില്‍::. said...

ലിങ്കീടാന്‍ മറന്നു.

ദാ ഇവിടെ.

 
At 5/09/2006 11:56:00 AM, Blogger ഉമേഷ്::Umesh said...

മെയ് ലക്കത്തിലെ തര്‍ജ്ജനിയിലാണു പെരിങ്ങോടാ.

 
At 5/09/2006 10:22:00 PM, Anonymous Anonymous said...

പെരിങോടാ,
“ബ്ലോഗ് വ്യക്തിയുടെയും വിക്കിപീഡിയ ഒരു സമൂഹത്തിന്റേയും പരിഛേദമാണ്.“ എന്ന് ഞാന്‍ മുന്‍പ്‌ പറഞത്‌ തന്നെയല്ലേ താങ്കള്‍ ഇപ്പോള്‍ പറഞത്‌? തിങ്കിങ് സ്പേസ് എന്നൊക്കെ പറയുമ്പോള്‍ “ഒറ്റയ്ക്കിരികാനിഷ്ടപ്പെടുന്ന ഞാന്‍” എന്ന്‌ താങ്കള്‍ മുന്‍പ്‌ ഒരു പോസ്റ്റില്‍ എഴുതിയത്‌ ഓര്‍മ്മവരുന്നു. -സു-

 
At 5/14/2006 08:02:00 AM, Blogger സിബു::cibu said...

അനിലേ.. വരമൊഴിയിലെ യുണീക്കോഡ് കണ്‌വര്‍ഷന്റെ പ്രശ്നം മനസ്സിലായില്ലല്ലോ? ഒന്നു കൂടി വിശദീകരിച്ച്‌ തരാമോ? എനിക്കിവിടെ ഒന്ന്‌ ശ്രമിച്ചു നോക്കാനാണ്.

 
At 5/14/2006 08:29:00 AM, Blogger viswaprabha വിശ്വപ്രഭ said...

സിബൂ,

പ്രശ്നം യുണികോഡ് ആക്കി എക്സ്പോര്‍ട്ട് ചെയ്യുമ്പോഴല്ല.


ASCII മലയാളത്തില്‍ നിന്നും മങ്ഗ്ലീഷിലേക്ക് മാറ്റുമ്പോളാണു പ്രശ്നം. As soon as you switch the cursor to the Manglish panel, or edit the ASCII Malayalam text, all numerals get changed to one or a pair of small rectangles.After this, these rectangles remain in both windows as non-sense characters!

Also sometimes, there is a problem with ഖ etc. ( as they are occupying the codespace of some control characters in certain font sets eg: ഖ -> Soft LineFeed Control character in Western)


ഇത് മുന്‍പും നാം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ!

ഈയടുത്ത് ഡോക്റ്റര്‍ ചന്ദ്രമോഹന്റെ പഴയ ലേഖനം യുണികോഡിലേക്ക് മാറ്റുവാന്‍ അനില്‍ ശ്രമിച്ചിരുന്നു. ഇതേ പ്രശ്നം കാരണം ധാരാളം പ്രയത്നിക്കേണ്ടി വന്നു!

 
At 5/14/2006 09:14:00 AM, Blogger .::Anil അനില്‍::. said...

നന്‍‌ട്രി പെരിയോരേ :)
(ഞാനെങ്ങാനും ഇതു വിശദീകരിക്കാന്‍ നിന്നിരുന്നെങ്കില്‍ അതൊരു ബ്ലോഗ് പോസ്റ്റായേനെ)

 
At 5/14/2006 09:43:00 PM, Anonymous സുനില്‍ said...

സിബൂ, അവധിയൊക്കെ കഴിഞോ? എങനെയുണ്ടായിരുന്നു?
ഈ ഫോണ്ട് പ്രശ്നം എനിക്കും ഉണ്ട്‌. മലയാളം എ.ബി.ഇ ഫോണ്ട് ഇട്ടുതന്നപ്പോള്‍ ഞാന്‍ പറഞിരുന്നില്ലേ? അതുതന്നെയാണ് വിശ്വം പറഞതും. എന്റെ ഭാഷയുടേ പ്രശ്നം കാരണം മനസ്സിലായിട്ടുണ്ടാവില്ല. പിന്നെ അന്നാകെ വെപ്രാളത്തിലായിരുന്നല്ലോ.-സു-

 
At 6/10/2006 05:47:00 AM, Blogger കലേഷ്‌ കുമാര്‍ said...

ആഹാ, ഇങ്ങനെയൊക്കെ സംഭവിച്ചോ ഇവിടെ?
കല്യാണി ഇന്ത്യടുഡേ ലേഖനത്തെ കുറിച്ച് മൂന്‍‌‌കൂട്ടി അറിയിച്ചിരുന്നു അല്ലേ? എന്നിട്ടാണോ ലേഖനത്തെ കുറ്റം പറഞ്ഞോണ്ട് കമന്റുകള്‍ കല്യാണിയുടെ ബ്ലോഗില്‍ തന്നെ വന്നത്?
കൊള്ളാം!

 

Post a Comment

<< Home