Sunday, May 21, 2006

ബ്ലോഗ്‌സ്വര, മനോരമ ലേഖനം

സൈബറ്‍ സ്പേസില്‍ ഇന്ത്യന്‍ പാട്ടുകാരുടെ 'ബ്ളോഗ്സ്വര'
കെ. ടോണി ജോസ്

കോട്ടയം: സൈബര്‍‍ സ്പേസില്‍ അപൂര്‍‍വമായൊരു ഇന്ത്യന്‍ സംഗീതക്കൂട്ടായ്മ യാഥാര്‍‍ഥ്യമാകുന്നു. നേരിട്ട് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവരും ഇന്ററ്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സംഗീതപ്രേമികളായ കുറെ ഇന്ത്യക്കാറ്‍ ചേറ്‍ന്നാണു 'ബ്ളോഗ്സ്വര ഡോട് കോം എന്ന പേരില്‍ പാട്ടിന്റെ വെബ്സൈറ്റ് തുറന്നത്.

ഇന്ററ്‍നെറ്റിലെ ഡയറിക്കുറിപ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ബ്ളോഗുകള്‍ സ്വന്തമായുള്ള പാട്ടുകാരുടെ കൂട്ടായ്മയാണ് ഇൌ വെബ്സൈറ്റ്. കൂട്ടത്തില്‍ ഏറെയും മലയാളികളാണ്.

ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന് ഒരാള്‍ എഴുതുന്ന പാട്ട് മറ്റൊരിടത്തിരുന്ന് വേറൊരാള്‍ സംഗീതം നല്‍കി വിദൂരമായ മറ്റേതോ രാജ്യത്തിരുന്ന് മൂന്നാമതൊരാള്‍ പാടി ഇനിയും മറ്റൊരാള്‍ മിക്സ് ചെയ്ത് കേള്‍ക്കുന്ന അപൂറ്‍വതയാണ് ഇൌ സൈറ്റിലെ പാട്ടുകളുടെ പ്രത്യേകത.

'പ്രദീപ് കി ആവാസ് സുനോ എന്ന ബ്ളോഗ് സ്വന്തമായുള്ള മലയാളി പാട്ടുകാരന്‍ പ്രദീപ് സോമസുന്ദരമാണ് ബ്ളോഗ്സ്വരയിലെ പ്രശസ്തന്‍. മറ്റുള്ളവരെല്ലാം തന്നെ അമേരിക്ക, ഇംഗണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കുന്ന ഇന്ത്യക്കാരാണ്.

ഇന്ററ്‍നെറ്റില്‍ ഇത്തരമൊരു സംഗീതക്കൂട്ടായ്മയും ആദ്യമാണ്. തമിഴ്നാട്ടുകാരനായ സെന്തിലാണ് ബ്ളോഗ്സ്വര എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഇന്ററ്‍നെറ്റിലെ പല അജ്ഞാത സുഹൃത്തുക്കളും ചേറ്‍ന്നപ്പോള്‍ പാട്ടിന്റെ വെബ്സൈറ്റ് യാഥാറ്‍ഥ്യമായി.ബ്ളോഗ്സ്വരയിലെ ആദ്യത്തെ പാട്ടുകള്‍ ഇൌ വ്യാഴാഴ്ച റിലീസ് ചെയ്യും.www.blogswara.com എന്ന സൈറ്റില്‍നിന്ന് പാട്ടുകള്‍ കേള്‍ക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള 14 പാട്ടുകളാണ് ആദ്യം റിലീസ് ചെയ്യുക. മഴപെയ്ത നാളില്‍ (രചന - നരേന്ദ്രന്‍, സംഗീതം - ഹരീഷ്, ആലാപനം - ജോ), ഒരു കുഞ്ഞു സ്വപ്നത്തിന്‍ (രചന - ജ്യോതിസ്, സംഗീതം - സദാനന്ദന്‍, ആലാപനം - വിദ്യു), മെല്ലേ മെല്ലേ (രചനയും സംഗീതവും - എന്‍. വെങ്കിടു, ആലാപനം - ജോയും രാധികയും), ഉൌയലാടുന്നേ (രചന - ഇന്ദു, സംഗീതം - ജോ, ആലാപനം - മീര) എന്നിവയാവും ആദ്യഘട്ടത്തിലെ മലയാളം പാട്ടുകള്‍. ഹിന്ദി, തമിഴ് പാട്ടുകളാണു പ്രദീപ് സോമസുന്ദരം ആലപിച്ചിട്ടുള്ളത്.

പല മലയാളം പാട്ടുകളും ഉന്നത നിലവാരമുള്ളവയാണെന്നു പ്രദീപ് പറയുന്നു.എണ്ണമറ്റ ബ്ളോഗുകളാണ് ഇപ്പോള്‍ സൈബറ്‍ സ്പേസിലുള്ളത്.

വ്യക്തികളോ കൂട്ടുകാരോ സംഘടനകളോ സ്വന്തം അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തി ഇന്ററ്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഡയറിക്കുറിപ്പുകളെന്നു ബ്ളോഗുകളെ വിശേഷിപ്പിക്കാം. വെബ്ലോഗ് എന്നാണു ബ്ളോഗിന്റെ പൂറ്‍ണരൂപം.

യുദ്ധകാലത്ത് ഇറാഖില്‍ നിന്നുള്ള ബ്ളോഗുകളും അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ ബ്ളോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മലയാളത്തിലുള്ള ഇരുന്നൂറോളം ബ്ളോഗുകളും ഇപ്പോള്‍ സൈബറ്‍ സ്പേസിലുണ്ട്. 'ബുലോഗം എന്നാണു മലയാളം ബ്ളോഗുകളെ കളിയായി വിളിക്കുക.

കേരളത്തില്‍ നിന്നുള്ള കറ്‍ഷകനായ ചന്ദ്രശേഖരന്‍നായറ്‍ മുതല്‍ വീട്ടമ്മമാരും അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമുള്ള ഐ.ടി. പ്രഫഷനലുകളും വരെ മലയാളം ബ്ളോഗുകള്‍ ഇന്ററ്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഥ, നോവല്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, കൃഷികാര്യം, രാഷ്ട്രീയം, ജ്യോതിഷം, ഗണിതം,ജ്യോതിശാസ്ത്രം, ഭാഷാ ശാസ്ത്രം, അക്ഷരശ്ളോകം, കാറ്‍ട്ടൂണുകള്‍, നറ്‍മം എന്നിങ്ങനെ അതീവ വൈവിധ്യമുള്ള വിഷയങ്ങളാണ് ഇൌ ബ്ളോഗുകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.

സൂര്യഗായത്രി എന്ന മലയാളം ബ്ളോഗ് കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയുടേതാണെങ്കില്‍ കുട്ട്യേടത്തി അമേരിക്കയിലെ മലയാളി ഐ.ടി. ജോലിക്കാരിയുടേതാണ്.ഇന്ററ്‍നെറ്റിലെ ആശയവിനിമയത്തിന്റെ ഏറ്റവും വലിയ മാധ്യമമായി മാറുന്ന ബ്ളോഗുകളുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവയ്പാണു ബ്ളോഗ്സ്വര ഡോട് കോം. 25ന് ഇവിടെ പാട്ടുകളുടെ റിലീസിങ് കാത്തിരിക്കുകയാണു സൈബറ്‍ പ്രേമികള്‍.

:ടോണിക്കു നന്ദി.

Wednesday, May 10, 2006

ബ്ലോഗില്‍ കമന്റും എഡിറ്റാം

ബ്ലോഗിലിട്ട കമന്റില്‍ അക്ഷരത്തെറ്റുകള്‍ വന്നുപോയല്ലോ എന്നോര്‍ത്തിനി പരിതപിക്കേണ്ട. കമന്റുകള്‍ തിരുത്താനും വഴിയുണ്ട്. ഇവിടെ നോക്കുക. ഇരുട്ടില്‍ത്തപ്പി മലയാളം കഷ്ടപ്പെട്ടെഴുതുന്ന ഗന്ധര്‍വനെപ്പോലുള്ളവരെ സഹായിക്കാന്‍ ഇതൊരു വഴിയായി.

Sunday, May 07, 2006

മാതൃഭൂമിയുടെ ബ്ലോഗ് ലേഖനം വായിക്കാത്തവര്‍ക്കായ്

എഴുത്തിന്റെ പുതിയ ലോകം തുറന്ന്‌ മലയാളം ബ്ലോഗുകള്‍

ചെന്നൈ: വെബ്‌ലോകത്തിലെ പുതിയ അതിഥിയുടെ ചുവടുകള്‍ കൂടുതല്‍ ഉറച്ചുകൊണ്ടിരിക്കുകയാണ്‌. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളിലെ പുതിയ അധ്യായമായ ബ്ലോഗുകളുടെ പ്രചാരം ഇന്ന്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഒരു വ്യക്തിയുടെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കുവാനും അത്‌ മറ്റുള്ളവരുമായി പങ്കുവെക്കുവാനും വേണ്ടിവന്നാല്‍ ഒരു ചര്‍ച്ചാവിഷയമാക്കുവാനുമുള്ള വിനിമയത്തിന്റെ പുതിയ ലോകം-അതാണ്‌ ബ്ലോഗുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഇംഗ്ലീഷ്‌ ബ്ലോഗുകളുടെ ചുവടുപിടിച്ച്‌ മലയാളം ബ്ലോഗുകളും രംഗപ്രവേശം ചെയ്യുന്നുവെന്നതാണ്‌ കൌതുകകരമായ വസ്തുത.

ചെന്നൈയിലെ ഓണ്‍ലൈന്‍ ന്യൂസ്‌പേപ്പറായ വെബ്‌ ദുനിയയിലെ സീനിയര്‍ കണ്ടന്റ്‌ കണ്‍സള്‍ട്ടന്റ്‌ ബെന്നി ജോസഫിന്റെ അഭിപ്രായത്തില്‍, ഏപ്രില്‍ മാസം വരെയുള്ള കണക്കനുസരിച്ച്‌ മലയാളത്തില്‍ ഇരുനൂറ്റമ്പതോളം ബ്ലോഗുകള്‍ നിലവിലുണ്ട്‌. അതില്‍ ഒട്ടുമുക്കാലുംതന്നെ കേരളത്തിനു പുറത്ത്‌ ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരുടേതാണെന്ന വസ്തുത ശ്രദ്ധേയമാണ്‌.

സാഹിത്യം, വികസനം, പൊതുതാല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കാര്യങ്ങളായാലൊക്കെയും തന്നെ, അവരുടെ കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടും വായനക്കാര്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്നുള്ളത്‌ ബ്ലോഗിന്റെ വര്‍ധിച്ചു വരുന്ന പ്രചാരത്തിന്‌ തെളിവാണ്‌.

വായനക്കാരന്റെ സ്വതന്ത്രമായ ഇടപെടലുകളാണ്‌ ബ്ലോഗിനെ പത്രമാധ്യമങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തമാക്കുന്ന ഘടകം. എഴുത്തുകാരന്റെ ചിന്തകളോട്‌ ഏറ്റവും വേഗത്തില്‍ സംവദിക്കാന്‍ അവര്‍ക്കു കഴിയുന്നു. അങ്ങനെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഒട്ടും അകലമില്ലാതെ ഒരു വിശകലനം ബ്ലോഗുകളില്‍ സാധ്യമാണ്‌.

ആരെയും ആശ്രയിക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‌ ഇതിലൂടെ കഴിയുന്നു. സ്ഥലപരിമിതി ഒട്ടുംതന്നെ പ്രശ്നമല്ലാത്ത ഈ പുതിയ എഴുത്തിന്റെ ലോകത്ത്‌ എഴുത്തുകാരന്‌ ധാരാളം സ്വാതന്ത്ര്യം ലഭിക്കുന്നു.

പത്രമാധ്യമങ്ങളെക്കാള്‍ ആശയവിനിമയത്തിനുള്ള സാധ്യത ബ്ലോഗുകളില്‍ കൂടുതലാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്നതിനാല്‍ വിശ്വാസ്യതയുടെ പ്രശ്നം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്‌.

ഗള്‍ഫ്‌ മലയാളികളാണ്‌ കൂടുതല്‍ ബ്ലോഗുകള്‍ തുറക്കുന്നത്‌. അതിനു പിന്നിലായി അമേരിക്കയിലെ മലയാളികളുമുണ്ട്‌. മലപ്പുറം, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്‌ കേരളത്തില്‍ നിന്നുള്ള ബ്ലോഗുകളില്‍ കൂടുതലും വരുന്നതെന്നാണ്‌ ബെന്നിയുടെ കണ്ടെത്തല്‍. ഏകദേശം പതിമൂന്നോളം ബ്ലോഗുകള്‍ മലപ്പുറംകാരുടേതായുണ്ട്‌.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായിട്ടാണ്‌ ബ്ലോഗുകള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. തൃശ്ശൂരിലുള്ള ജോ എന്നു വിളിക്കുന്ന ജോസഫ്‌ എന്ന ചെറുപ്പക്കാരന്‍ തുടങ്ങിയ 'മലയാണ്മ'യാണ്‌ മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്‌. മലയാള ബ്ലോഗ്‌ കൂട്ടായ്മയെ ബ്ലോഗ്‌ ഉലകം എന്നാണ്‌ വിളിക്കുന്നത്‌. ആദ്യത്തെ ഓണ്‍ലൈന്‍ ഡിക്ഷ്ണറി ദാതാവായ  എഴുപതുകാരന്‍ ജോസഫ്‌ തുടങ്ങി  പതിനഞ്ചുകാരന്‍ അനീസ്‌ വരെ മലയാള ബ്ലോഗിന്റെ എഴുത്തുകാരാണ്‌.

യൂനികോഡ്‌ എന്ന മലയാളത്തിലെ യൂണിവേഴ്‌സല്‍ ഫോണ്ടിന്റെ വരവോടെയാണ്‌ മലയാള ബ്ലോഗുകളുടെ സാധ്യത വര്‍ധിച്ചത്‌. ഏതൊരാള്‍ക്കും വെറും മൂന്നുമിനിറ്റുകള്‍ക്കുള്ളില്‍ ഒരു മെയില്‍ ഐ.ഡി. ഉണ്ടാക്കാവുന്ന ലാഘവത്തോടെ ഒരു ബ്ലോഗ്‌ തുടങ്ങാനാകും. ബ്ലോഗ്‌ സ്പോട്ട്‌ ആണ്‌ ഒരു ബ്ലോഗ്‌ ക്രിയേറ്റ്‌ ചെയ്യുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌.

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എന്തും പങ്കുവെക്കാവുന്ന നല്ല സുഹൃത്ബന്ധങ്ങള്‍ ലഭിക്കുന്നുവെന്നതാണ്‌ ബ്ലോഗിന്റെ മറ്റൊരു ഗുണമെന്നതാണ്‌ സ്വന്തം ബ്ലോഗിലൂടെയുള്ള അനുഭവത്തില്‍നിന്ന്‌ ഗള്‍ഫില്‍ ജോലിചെയ്യുന്ന കലേഷിന്റെ അഭിപ്രായം. ദിവസവും അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഐ.ടി. മേഖലയില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ വളരാന്‍ സാധ്യതകള്‍ ഏറെയാണ്‌. ആരുടെയും അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന ബ്ലോഗുകളുടെ സുവര്‍ണകാലത്തിന്‌ ഇനി അധികദൂരമില്ല.

:മാതൃഭൂമി ലേഖനം ചെന്നൈ എഡിഷനില്‍ മാത്രമേ വന്നിട്ടുള്ളൂ. കൂടുതല്‍ വിശദമായൊരെണ്ണം അണിയറയിലുണ്ട്.

Monday, May 01, 2006

മലയാളി സ്പര്‍ശം

വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ ആദ്യമായി ഒരു മലയാളിയുടെ ചിത്രം ഫീച്ചേര്‍‌ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാളിയായ പ്രദീപ് പി എസിന്റെ ടോഡാ ഹട്ട് എന്ന ചിത്രമാണ് വോട്ടെടുപ്പിലൂടെ ഫീച്ചേര്‍ഡ് സ്റ്റാറ്റസ് കൈവരിച്ചത്.
ചിത്രം ഇവിടെ കാണാം. ബ്ലോഗിലെ ചിത്രമെടുപ്പുകാര്‍ക്കും ഈ വഴി ചിന്തിക്കാവുന്നതാണെന്നു പറയേണ്ടതില്ലല്ലോ.