വിക്കി സഹസ്രം, ചില ചിന്തകള്‍
മലയാളം വിക്കിപീഡിയ ഇന്ന് (2006 സെപ്റ്റംബര്‍ 20) ആയിരം ലേഖനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന നൂറ്റിപതിമൂന്നാമത്തെ ഭാഷാ വിക്കിയാണു നമ്മുടേത്. ഇന്ത്യന്‍ ഭാഷകളില്‍ ഏഴാമത്തേതും.
ആയിരം ലേഖനങ്ങളില്‍ പ്രൌഢഗംഭീരം എന്നു പറയാവുന്നവ വളരെ ചുരുക്കമാണ്. എങ്കിലും സ്വതന്ത്ര വിജ്ഞാനം വ്യാപകമാക്കുന്ന കാര്യത്തില്‍ ഇതൊരു ചെറിയ നേട്ടമല്ല. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവുമാദ്യം തുടങ്ങിയ വിക്കിയാണു നമ്മുടേത്. തമിഴും ഹിന്ദിയും കന്നഡയുമൊക്കെ അതിനുശേഷമാണു തുടക്കമിട്ടത്. പക്ഷേ ലേഖനങ്ങളുടെ എണ്ണത്തില്‍ അവരൊക്കെ നമ്മളേക്കാള്‍ ബഹുദൂരം മുന്നിലായി.
മലയാളം യുണികോഡ് അനായാസം കൈകാര്യം ചെയ്യാനറിയാവുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബൂലോഗത്തു നിന്നും വിക്കിയിലെത്തുന്ന സംഭാവനകള്‍ വളരെ തുച്ഛമാണെന്നു പറയാതെ വയ്യ. ആരെയും കുറ്റപ്പെടുത്തുകയല്ല. എഴുതുന്ന ലേഖനങ്ങള്‍ നമ്മുടേതല്ലാതാകുന്ന, പ്രോത്സാഹനക്കമന്റുകള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത, അവിടെ സമയം ചെലവഴിക്കുക ചിലപ്പോള്‍ ബുദ്ധിമുട്ടായി തോന്നാം. എങ്കിലും അടുത്ത തലമുറയ്ക്ക് ഉപകരിച്ചേക്കാവുന്ന ഈ യജ്ഞത്തിനുവേണ്ടി അല്പം സമയം കണ്ടെത്തുക ചെറിയ കാര്യമല്ല എന്നാണെന്റെ വിശ്വാസം.
വിക്കിപീഡിയയില്‍ മികച്ച ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തുന്ന ഉമേഷ്, ഷിജു അലക്സ്, സുധീര്‍(കൂമന്‍), ആക്റ്റിവോയ്ഡ്(മൂരാരി) കുറേ നല്ല ലേഖനങ്ങളെഴുതിയ ശേഷം ഇപ്പോള്‍ പമ്മിനടക്കുന്ന പെരിങ്ങോടന്‍, ഏവൂരാന്‍, വിശ്വം, തിരക്കിനിടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ വിക്കിലേഖനങ്ങള്‍ കൂട്ടിയിണക്കാന്‍ ഫലപ്രദമായി ചെലവഴിക്കുന്ന കെവിന്‍, ഇടയ്ക്കിടെ ലേഖനങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആദിത്യന്‍, ശനിയന്‍, നവനീത്, ഷാജുദ്ദീന്‍ തുടങ്ങിയ ബ്ലോഗര്‍മാരെ പ്രത്യേകം ഓര്‍ക്കുന്നു, അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.
സിബുവിന്റെ വരമൊഴിയും അതിന്റെ അനുബന്ധ സോഫ്റ്റ്വെയറുകളുമാണ് വിക്കിയില്‍ ലേഖനങ്ങള്‍ പിറക്കാന്‍ വഴിമരുന്നിട്ടത്. വരമൊഴിപോലെ ലളിതമായ ഒരു അക്ഷരംനിരത്തല്‍ സംവിധാനമില്ലായിരുന്നെങ്കില്‍ വിക്കി ഇപ്പോഴും നിര്‍ജ്ജീവമായിരുന്നേനെ. സിബുവിനെ നന്ദിയോടെ ഓര്‍ക്കുന്നു.
ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും ബൂലോഗകൂട്ട്യ്മയ്ക്കു വിക്കിയെ സഹായിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
ഒന്ന്: വിക്കിയിലേക്കു ചിത്രങ്ങള്‍ നല്‍കുക.
ബൂലോഗ പടം പിടുത്തക്കാരോടുള്ള അഭ്യര്‍ത്ഥനയാണിത്. വിശേഷിച്ചും കേരളത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന പടമ്പിടുത്ത പുലികളോട്. പടമെടുത്തു നടക്കുന്നതിനിടയില്‍ വിക്കിക്കുവേണ്ടിയും ചിത്രങ്ങള്‍ നല്‍കുക. കേരളത്തിലെ സമുന്നത വ്യക്തികള്‍, സ്ഥാപനങ്ങള്‍, നമ്മുടെ പൂക്കളും കായ്കളും കാടും മേടും അവയ്ക്കുള്ളിലുള്ളതൊക്കെയും, ചരിത്ര സ്മാരകങ്ങള്‍ എന്നുവേണ്ട മലയാള നാട്ടില്‍ നിന്നുതന്നെ വിക്കിയിലെത്താന്‍ പടങ്ങള്‍ പരശതമുണ്ട്.
വിക്കിയില്‍ നേരിട്ടു പടങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗിലിടുന്ന ചിത്രങ്ങള്‍ വിക്കിയിലേക്കു എടുക്കാനുള്ള അനുമതി നല്‍കിയാലും മതി. പടങ്ങള്‍ പബ്ലിക് ഡൊമെയിനു കീഴിലാക്കുകയോ, ക്രിയേറ്റീവ് കോമണ്‍സ് 2.5 ലൈസന്‍സിനു കീഴിലാക്കുകയോ ചെയ്താല്‍ അവ വിക്കിയിലെടുക്കുന്നതില്‍ നിയമതടസങ്ങളില്ല. ഇപ്രകാരം എടുക്കുന്ന ചിത്രങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുവാന്‍ സന്തോഷമേയുള്ളൂ.
ഒരുദാഹരണത്തിന്, ഇപ്പോള്‍ മലയാളം വിക്കിപീഡിയയുടെ പൂമുഖത്തു ചെല്ലുക. അവിടെ തിരഞ്ഞെടുത്ത ചിത്രമായി ചേര്‍ത്തിരിക്കുന്ന ഫോട്ടത്തിനു താഴെ അതെടുത്ത ഛായാഗ്രാഹകന്റെ പേരു നല്‍കിയിരിക്കുന്നതു ശ്രദ്ധിക്കുക. ആ ചെറിയ അക്ഷരങ്ങളില്‍ ബൂലോഗ പടമ്പിടത്തക്കാരുടെ പേരുകള്‍ പതിയുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ.
രണ്ട്: വിക്കിയില്‍ ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും അവ വായിക്കാനെങ്കിലും ബൂലോഗ പുലികള്‍ തയാറായാല്‍ നന്നായിരുന്നു. വായിച്ചു പോരായ്മകള്‍ ചൂണ്ടിക്കാട്ടുക. ഓരോ ചെറിയ സേവനവും വിക്കിയില്‍ അമൂല്യ സമ്പത്താണ്.
മൂന്ന്:സ്വതന്ത്ര വിജ്ഞാന വ്യാപനത്തില്‍ താല്പര്യമുള്ളവരെ കണ്ടെത്തി അവരെ വിക്കിയിലേക്കു കൊണ്ടുവരിക. (ബ്ലോഗിലേക്കു കൊണ്ടുവരാതിരിക്കുക എന്നുവേണമെങ്കിലും പറയാം ;) ഇവിടെയെത്തിയാല്‍ പിന്നെ അങ്ങോട്ടു കൊണ്ടുവരിക പ്രയാസമാ :) )
വിക്കിയെഴുത്ത് സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള കാര്യമാണെന്ന ധാരണയുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇന്നലെ ഒരു ബൂലോഗപുലി ഈ എലിക്കു ശിഷ്യപ്പെട്ടുപോയിട്ടുണ്ട്. അദ്ദേഹത്തോടു ചോദിച്ചാലറിയാം സംഗതി എത്ര എളുപ്പമാണെന്ന്.
വിക്കിപീഡിയയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.
23 à´ªàµà´°à´¤à´¿à´à´°à´£à´àµà´à´³àµâ
മഞ്ജിത്തേട്ടാ,
ഈ 1000ത്തിലെ 998ആമത് ലേഖനം തുടങ്ങിവെച്ചത് ഞാനാവാന്‍ സാധ്യതയുണ്ട്.ഒരു താങ്ക്ലെസ്സ് ജോബ് എന്ന് പലരും കണക്കാക്കിയേക്കാമെങ്കിലും അണ്ണാര്‍ക്കണ്ണനും തന്നാലായത് എന്ന നിലയില്‍ എല്ലാവരും കൈ വെച്ചാല്‍ മലയാള ഭാഷയ്ക്ക് വലിയ ഒരു കാര്യമാവും അത്. വളരെ പ്രയാസകരമായ പണിയാണെന്ന് തോന്നിയില്ല ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്നും പറയട്ടെ.
ആഗ്രഹമുണ്ടെങ്കിലും കഴിവില്ലല്ലൊ എന്നൊരു സങ്കടമുണ്ട്.:( അതു മാത്രെ കാരണമായി പറയാനുള്ളൂ. ‘വിക്കിക്ക് ആശംസകള്‍’. ഇനിയും ഇനിയും വളരട്ടെ.
വിക്കിപീഡിയയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളും. ബ്ലോഗിലുള്ള പലരും ഒരു സമയത്തു വിക്കിയിലെത്തും എന്നു തന്നെയാണെന്റെ ശുഭാപ്തിവിശ്വാസം. ദിലീപിനെ പോലെ ഇനിയും പലരും വിക്കിയിലെത്തും, ഇടയില്‍ ഒരു hiatus വന്നുപോയെങ്കിലും കഴിയുന്നത്ര വേഗം ഞാനും വിക്കിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കുന്നതാണു്.
ബിന്ദു, ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങള്‍ തര്‍ജ്ജമ ചെയ്യുവാന്‍ ശ്രമിച്ചുനോക്കൂ. അത് എളുപ്പമാകുവാന്‍ സാദ്ധ്യതയുണ്ടു്.
ഞാന്‍ പഠിച്ച എന്റെ കോളേജിനെക്കുറിച്ച് മുന്‍പ് ഒരു ലേഖനം വിക്കിയിലിടാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അന്ന് മനസ്സിലായി വിക്കി സിന്റാക്സ് ഒരു കീറാമുട്ടിയാണെന്ന്. പോരാണ്ട് ബ്ലോഗിങ്ങില്‍ ഉള്ള ചിലരോടും, വിക്കിയില്‍ തന്നെ കണ്ട ചിലരോടും ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ട് ആരും തിരുഞ്ഞു പോലും നോക്കിയില്ല. അങ്ങിനെ ആ പരിപാടി നിര്‍ത്തി അറിയാവുന്ന പണിയിലേക്ക് ഞാന്‍ മടങ്ങി.
ഈയടുത്ത് ആനകളെക്കുറിച്ച് ആനച്ചന്തം എന്ന ബ്ലോഗിലെഴുതിയത് വിക്കിയില്‍ കേറ്റാന്‍ ശ്രമിച്ചപ്പോഴും ഞാന്‍ തോറ്റു മടങ്ങി. ഒരു ലേഖനം തുടങ്ങാനും, അതില്‍ കളര്‍, ടേബിള്‍, തുടങ്ങിയവ ശരിയാക്കാനും കുറച്ചധികം കഷ്ടപ്പാടാണ്. ഹൈപ്പര്‍ലിങ്ക് ഉണ്ടാക്കുന്നത് മനസ്സിലാക്കാന്‍ തന്നെ കുറേനേരം കഷ്ടപ്പെടേണ്ടി വന്നു. ഞാന്‍ കാട് കയറുന്നുണ്ടോ!
പറഞ്ഞ് വന്നത് ഇത്ര മാത്രം. വിക്കിയില്‍ എഴുതുന്നത് അത്ര എളുപ്പമല്ല പുതുതായി വരുന്നവര്‍ക്ക്. വിക്കിയില്‍ എഴുതുന്നതെങ്ങിനെ എന്നതിനെക്കുറിച്ചും, എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒരു നല്ല ലേഖനം ബ്ലോഗിലോ വിക്കിയിലോ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. അതിലും പ്രധാനമായി, എന്തെങ്കിലും സംശയം വന്നാല്‍ ചോദിക്കേണ്ടത് ആരോടൊക്കെയാണെന്നും വിക്കിയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്ത് തന്നെ ഇടാനും ശ്രദ്ധിക്കേണ്ടതുണ്ട്.
കമന്റിന്റെ ഇടയില്‍ വന്ന്കൂടിയിട്ടുള്ള വിവരക്കേടുകള്‍ ക്ഷമിക്കുമല്ലോ.
ശ്രീജിത്തേ,
ലേഖനങ്ങള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഈ ബ്ലോഗില്‍തന്നെ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
അതു പോരെങ്കില്‍ വിക്കിപീഡിയയില്‍ തന്നെ ഇങ്ങനെയൊരു പേജുണ്ട്.
വിക്കി സംബന്ധിയായ സഹായാഭ്യര്‍ത്ഥനകള്‍ ഹെല്‍പ് വിക്കി ഗൂഗിള്‍ ഗ്രൂപ്സിലിടുകയാണു നല്ലത്. അവിടെ ആരെങ്കിലും സഹായിക്കാതിരിക്കുകയില്ല.
പൊതുവേ ചാറ്റിംഗിനോടു വിരക്തിയാണെങ്കിലും വിക്കി കാര്യങ്ങള്‍ക്കായി എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ചാറ്റിലോ ഫോണിലോ ചെലവഴിക്കാന്‍ സന്തോഷമേയുള്ളൂ.
മറ്റൊന്ന്, ഒരു ലേഖനം തുടങ്ങുമ്പോള്‍ ടെക്സ്റ്റ് ഫോര്‍മാറ്റിംഗ് അനുബന്ധ ഡിസൈന്‍ കാര്യങ്ങള്‍ ഇവയിലൊന്നും വലിയ ആശങ്കകള്‍ വേണ്ട എന്നുള്ളതാണ്. ചുമ്മാ ടൈപ്പു ചെയ്തിട്ടാലും മതി. അവയൊക്കെ വിക്കവല്‍ക്കരിച്ചെടുക്കാന്‍ അവിടെ ആളുകളുണ്ട്.
ഇനി വിക്കിപീഡിയയില്‍ സാന്‍ഡ് ബോക്സ് എന്നൊരു പരിപാടിയുണ്ട്. അവിടെച്ചെന്ന് എങ്ങനെ വേണമെങ്കില്‍ എഴുതിപ്പഠിക്കാം. എന്തു വേണമെങ്കിലും എഴുതാം. ഒരു പ്രശ്നവുമില്ല.
സോഫ്റ്റ്‌വെയര്‍ കാര്യങ്ങളില്‍ ഒരു ചുക്കുമറിയാത്ത എനിക്കാകാമെങ്കില്‍ താങ്കള്‍ക്കിതു നിസാരമായിരിക്കുമെന്നു തന്നെയാ എന്റെ ഉറച്ച വിശ്വാസം.
ഇതിന്റെ മുഖ്യ ഘടകം മലയാളം നന്നായി എഴുതാന്‍ അറിയണം എന്നല്ലേ? അതോണ്ട്... :(
മഞ്ജിത്തെ
മലയാളം വിക്കിയില്‍ കേരളത്തെ സംബന്ധിക്കുന്ന ലേഖനങ്ങള്‍ പോരെ? അതു തന്നെ എത്രയോ കൊടുക്കാന്‍ കിടക്കുന്നു. ഇനി ലേഖനമെഴുതുന്നവരും ഇക്കാര്യം മനസ്സില്‍ വയ്ക്കുന്നതായിരിക്കും നല്ലതെന്നതാണ് എന്റെ അഭിപ്രായം.
എനിക്ക് ചിത്രങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല.
ഞാന്‍ രണ്ട് ദിവസം അണ്ടര്‍ഗ്രൌണ്ടിലായിരിക്കും. ഞായറാഴ്ച്ച മുതല്‍ വീണ്ടും വിക്കി
മഞ്ജീത്
ഞാന്‍ എടുത്ത പക്ഷികളുടെ പടം സംഭാവന ചെയ്യാം
മഞ്ചിത്ത് എന്നെ തല്ലില്ലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയാം. എന്റെ ഏതു പടവും ഞാന്‍ സംഭാവന ചെയ്യാം :)
wiki മലയാളത്തില്‍ പക്ഷിശാസ്തത്തില്‍ ഒരു പക്ഷിപോലും ഇല്ലലൊ.
എന്നാ ആ വിക്കി ഞാന്‍ തീയിടും! :)
യ്യോ കൈപ്പിള്ളി മാഷിനോടുള്ള ഉത്തരമല്ലായിരുന്നു. ആദിയോടായിരുന്നു. സോറി..
വിക്കി മലയാളത്തില്‍ ശാസ്ത്ര ലേഖനങ്ങള്‍ എഴുതുമ്പോഴുള്ള പ്രധാന പ്രശ്നം സാങ്കേതിക പദങ്ങളാണ്. ഇക്കാര്യത്തില്‍ ഒരു സഹായം എവിടെ നിന്നും പ്രതീക്ഷിക്കാം?
മലയാളം വിക്കിയ്ക്കും പീഡിയന്മാര്‍ക്കും അഭിനന്ദനങ്ങള്‍!
സ്വാഭാവികമായ (കുത്തഴിഞ്ഞ)മുന്‍ഗണനാക്രമങ്ങള്‍ക്കിടയിലും വിക്കി വായിക്കാനും പറ്റുന്ന അക്ഷരത്തെറ്റെങ്കിലും എഡിറ്റ് ചെയ്യാനും ശ്രമിക്കണമെന്ന് എന്നും വിചാരിക്കും.
ലളിത വിഷയങ്ങളിലെ കുറച്ച് ലേഖനങ്ങെളെങ്കിലും ഇടണമെന്ന് ആഗ്രഹിച്ച് ചിലത് തുടങ്ങിയെങ്കിലും പിന്നീടൊന്നും പറ്റിയില്ല.
“വായിച്ചു പോരായ്മകള്‍ ചൂണ്ടിക്കാട്ടുക.“ എന്നാല്‍ എഡിറ്റ് ചെയ്യുകയാണോ അഡ്മിനെ അറിയിക്കുകയാണോ ചെയ്യേണ്ടത്?
നീ ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനിയറല്ലേ, ഇതൊക്കെ പഠിക്കാനാണോ ഇത്ര പാട് എന്ന ഒരു മറുപടി ഒഴിവാക്കാനായിരുന്നു ഞാന്‍ അത്രയ്ക്ക് മണ്ടന്‍ കളിച്ചത്. അതേറ്റില്ല, അല്ലേ ;)
ഞാന്‍ സംസാരിച്ചത് ഇവിടെ ബഹുഭൂരിപക്ഷം വരുന്ന മലയാളീ ബ്ലോഗേര്‍സിന് വേണ്ടിയാണ്. മഞ്ചിത്തേട്ടന്‍ തന്ന പേജുകള്‍ ഒരളവ് വരെ സഹായകരമായെങ്കിലും ഇനിയും കുറേയേറെ കാര്യങ്ങള്‍ പറയാതെ കിടക്കുന്നു. ഹെല്‍പ്പ് വിക്കി എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ വളരെ മുന്നേ തന്നെ ഞാന്‍ മെംബര്‍ ആയിരുന്നെങ്കിലും അവിടെ ക്രിയാത്മകമായ ഒരു ചര്‍ച്ചയും ഇതു വരെ നടന്ന് കാണാത്തതിനാലാണ് ഞാന്‍ മെയില്‍ ഒന്നും അവിടെ അയക്കാതിരുന്നത്.
ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ വയ്ക്കുന്നു. ഇവ എവിടെ കിട്ടും എന്ന് പറഞ്ഞുതരുവാന്‍ അപേക്ഷ. കഴിയുമെങ്കില്‍ ഇവ ഒരു പുതിയ പോസ്റ്റായി ഇടാന്‍ അപേക്ഷ.
1) വിക്കിപ്പീഡിയ സിന്റാക്സുകള്‍. ഉദാ: ഹൈപ്പര്‍ ലിങ്കുകള്‍, ക്രോസ് ലിങ്കുകള്‍, പുറമേയ്ക്കുള്ള ലിങ്കുകള്‍, റെഫറന്‍സുകള്‍.
2) ലേഖനങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്ന വിധം. (വിക്കിയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട വിധമല്ല.)
3) ബ്ലോഗില്‍ ബ്ലോക്ക്‌ക്വോട്ട് ഇടുന്ന പോലെ വിക്കിയില്‍ എങ്ങിനെ ഇടാം.
4) ടേബിള്‍, ഇന്റെക്സ്.
5) ജാവാസ്ക്രിപ്പ് ഉപയോഗിക്കാന്‍ പറ്റുമോ?
6) അക്ഷരങ്ങളുടെ നിറം മാറ്റല്‍, ഐക്കണുകള്‍ ഇടല്‍, ക്യാറ്റഗറി ആക്കല്‍, ബാക്ക്ഗ്രൌണ്ട് കളര്‍ മാറ്റല്‍, ബാക്ക്ഗ്രൌണ്ട് ചിത്രം ഇടല്‍, ബോര്‍ഡര്‍ കൊടുക്കല്‍, marqee ഇടല്‍, ഫോണ്ട് സൈസ് മാറ്റല്‍
7) എന്തിനെക്കുറിച്ചൊക്കെ എഴുതാം.
8) എന്തിനെക്കുറിച്ചൊന്നും എഴുതാന്‍ പാടില്ല.
9) എഴുതി പകുതിയായപ്പോള്‍ മറ്റു തിരക്കുകളാല്‍ നിര്‍ത്തേണ്ടി വന്നാല്‍ അത് അപൂര്‍ണ്ണമായി സേവ് ചെയ്യാമോ (ഒരു വാക്യം പകുതി ആയി വച്ചിരിക്കുകയാണെങ്കില്‍ തന്നെ.) ഇല്ലെങ്കില്‍ എന്ത് ചെയ്യണം?
10) ഇംഗ്ലീഷ് വിക്കിയിലെ ഒരു ലേഖനം മലയാളത്തില് ആക്കണമെങ്കില് അതു അതേപടി ഇവിടെ ഇംഗ്ലീഷില് തന്നെ പകര്ത്തി സേവ് ചെയ്ത്, പതുക്കെ സമയം കിട്ടുമ്പോള് ഓരോ പാരഗ്രാഫുകളായി തിരുത്തിയാല് മതിയാകുമോ? (ഇങ്ങനെ ആണെങ്കില് ഒരുപാടു പേര്ക്ക് ഒരു വലിയ ആര്ട്ടിക്കിളില് ഒരേ സമയത്ത് ജോലി ചെയ്യാമല്ലോ)
ഇതൊക്കെ എനിക്ക് വന്ന സംശയങ്ങളില്‍ ചിലത് മാത്രം. ഇനിയും ഒരുപാടുണ്ട്. അതൊക്കെ ചോദിക്കാനായെങ്കിലും ഒരു റ്റൂട്ടോറിയല്‍ പോലെ മറ്റൊരു പോസ്റ്റ് ഉണ്ടാകണമെന്നൊരാഗ്രഹം.
ഇന്നലെ ഒരു ആര്‍ട്ടിക്കിള്‍ വിക്കിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടേയും കൃത്യമായ പരിഭാഷ എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ ഓണ്‍ലൈന്‍ ഉണ്ടായിരുന്ന പെരിങ്ങോടനോട് ചോദിച്ചപ്പോള്‍, മലയാളം വാക്കുകള്‍ കണ്ടുപിടിക്കാന്‍ എനിക്കൊരു ചെറിയ പ്രോഗ്രാം അയച്ച് തന്നു. അതു കൊണ്ട് കാര്യം നടന്നു. ഞാന്‍ പെരിങ്ങോടനോട് ചോദിച്ചില്ലായിരുന്നെങ്കില്‍ എങ്ങിനെ ഇതിനെപ്പറ്റി അറിയും? ഇതൊക്കെ വരമൊഴി പോലെ ഒരു സൈറ്റില്‍ എല്ലാവര്‍ക്കും എപ്പോഴും എടുക്കാന്‍ കഴിയുന്ന സ്ഥലത്ത് ഇടേണ്ടതല്ലേ? വിക്കി മലയാളം ബ്ലോഗേര്‍സിന്റെ ഇടയിലെങ്കിലും ശൈശവദിശയിലാണ്. ഇപ്പോള്‍ ഒന്ന് പിടിച്ച് നടത്തിച്ചില്ലെങ്കില്‍ നടക്കാന്‍ പഠിക്കാന്‍ ഒരുപാട് വൈകിയേക്കും.
ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കട്ടെ? ഇല്ലെങ്കില്‍ ഞാന്‍ ഇടേണ്ടി വരും ഒരു പോസ്റ്റ് മണ്ടത്തരങ്ങളില്‍, എന്റെ വിക്കിപ്പീഡിയ പരീക്ഷണങ്ങള്‍ എന്ന പേരില്‍ ;)
ദില്‍ബാസുരാ,
ആ ദിലീപ് ഈ ദില്‍ബുവാണെന്നു പിടികിട്ടിയില്ല കേട്ടോ. ഏതായാലും അവിടെയെത്തിയതു നല്ലകാര്യം.
ബിന്ദുഓപ്പോളേ,
പെരിങ്ങോടന്‍ പറഞ്ഞതു തന്നെ കാര്യം. കക്ഷിക്കു നേരേ തിരിച്ചാണു കേട്ടോ ;)
പെരിങ്സ്,
ഒരു പാര മുകളിലുണ്ട്. അതു മതിയല്ലോ :)
ശ്രീജിത്ത്,
ഏറ്റവുമൊടുവില്‍ ഉന്നയിച്ച സംശയങ്ങളും കണ്ടു. എല്ലാം ചേര്‍ത്തു വിശദമായ ഒരു പോസ്റ്റിടാം.
ഇഞ്ചിപ്പെണ്ണേ,
ഇവിടെ മലയാളം വിക്കിയേക്കുറിച്ചു പറഞ്ഞെങ്കിലും എന്റെ മനസില്‍ എല്ലാ ഭാഷയിലുള്ള വിക്കികളുമുണ്ട്. മലയാളം എഴുതാനറിയാത്തവര്‍ (?) അറിയാവുന്ന ഭാഷകളില്‍ മലയാളത്തെപ്പറ്റിയും മലയാളികളെപ്പറ്റിയും കേരളത്തെപ്പറ്റിയുമൊക്കെ എഴുതട്ടെ. അതും സന്തോഷം തരുന്ന കാര്യമാണല്ലോ.
ഷാജുദ്ദീന്‍ ചേട്ടാ,
ലോക്കലൈസേഷന്‍ എന്നാല്‍ ലോക്കല്‍ കാര്യങ്ങള്‍ മാത്രമല്ലല്ലോ(വിക്കിയിലെങ്കിലും) . വിക്കിപീഡിയയുടെ നയവും അങ്ങനെയല്ല. കേരളീയമായ ലേഖനങ്ങള്‍ ധാരാളം വേണം. പ്രത്യേകിച്ച് നമ്മുടെ പ്രാദേശിക ചരിത്രവും മറ്റും. അവയ്ക്കൊപ്പം മറ്റുള്ളവയും വേണം എന്നാണെന്റെ അഭിപ്രായം.
കൈപ്പള്ളീ നന്ദി, നല്ല മനസിന്‍.
അനോണിമസേ,
ഹെല്പ് വിക്കി എന്നൊരു ഗൂഗില്‍ ഗ്രൂപ്സ് ഉണ്ട്. അല്ലെങ്കില്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഷിജു അലക്സ് ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. സാങ്കേതിക പദങ്ങളുടെ മലയാളീകരണത്തിന് ഇവയൊക്കെ വഴി ഒരു ശ്രമം നടത്താം.
ആദീ,
എന്നെയൊരു ടി.യു. ഗുണ്ടയാക്കല്ലേ ;)
അനിലേട്ടാ,
ആദ്യം പറഞ്ഞ രീതിയാണു കൂടുതല്‍ നല്ലത്. അതിനു സമയമില്ല എന്നാണെങ്കില്‍ രണ്ടാമത്തെ മാര്‍ഗമെങ്കിലും മതി.
എല്ലാവര്‍ക്കും നന്ദി.
മന്‍ജിത്തേട്ടാ, പിന്നെയും സംശയം.
ഞാന്‍ വിക്കിയില്‍ പോയി കണ്ണൂര്‍ എന്ന് തപ്പി നോക്കി. ഒരു പേജ് കിട്ടി. അവിടെ കുറച്ച് സബ്-ഹെഡിങ്ങ് മാത്രം. വെറുതേ ഇരിക്കുവല്ലേ എന്ന് വിചാരിച്ച് അതില്‍ കുറച്ച് എഴുതിച്ചേര്‍ത്തു. ഉടന്‍ വരുന്നു താങ്കളുടെ മെസ്സേജ്, “കണ്ണൂര്‍ ജില്ല” എന്ന പേരില്‍ വേറെ ഒരു പേജുണ്ടെന്നും, ഈ പേജില്‍ പട്ടണത്തിനെക്കുറിച്ച് മാത്രമേ എഴുതാവൂ എന്നും. കണ്ണൂര്‍ എന്ന് തിരയുമ്പോള്‍ ഈ പേജും കിട്ടിയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പോള്‍ സാധ്യതയുള്ള എല്ലാ പേരുകളും തപ്പി നോക്കണമെന്നാണല്ലോ! അയ്യോ!
കണ്ണൂര്‍ എന്ന പേജ് ഡ്രിസിലിന്റെ സംഭാവനയാണ്. അവിടെ ഡ്രിസില്‍ കുറേ സബ്-ഹെഡിങ്ങുകളും കൊടുത്തിട്ടുണ്ട്. പട്ടണത്തിനെക്കുറിച്ച് മാത്രമാകുമ്പോള്‍ അതൊക്കെ മാറ്റേണ്ടി വരുമല്ലോ. പ്രമുഖ വ്യക്തികള്‍, സ്ഥലങ്ങള്‍, കല-സംസ്കാരം എന്നിവ ഒക്കെ ആ ജില്ലയെ മൊത്തം ബാധിക്കുന്ന കാര്യങ്ങളല്ലേ. മാത്രമല്ല കണ്ണൂര്‍ പട്ടണത്തിനു മാത്രമായി ഇന്‍ഫോബോക്സും കൊടുക്കാന്‍ കഴിയുമോ? ഡ്രിസിലേ, നീ ഇതൊന്നും കാണുന്നില്ലേ?
ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍. ഭഗവാനേ, നീ എന്തിനെനിക്ക് വിക്കി കാണിച്ചു തന്നു !
ചിത്രങ്ങളൊരു പ്രശ്നമാണ്, ഇംഗ്ലീഷ് വിക്കിയാണിപ്പോഴത്തെ ആശ്രയം. ആരെങ്കിലുമൊക്കെ സഹായിക്കേണ്ടി വരും. പിന്നെ പലരും വിക്കി സിന്റാക്സ് കീറാമുട്ടിയാണെന്നൊക്കെ പറഞ്ഞ് വിക്കിയില്‍ നിന്നു തലയൂരുന്നുമുണ്ട്. ദില്‍ബാസുരന്‍ പറഞ്ഞതുപോലെ അണ്ണാറക്കണ്ണനും തന്നാലായത് എന്ന് കരുതി എല്ലാ ബൂലോഗവാസികളും മലയാളം വിക്കിപ്പീഡീയയില്‍ ഒന്നു കൈ വെച്ചാല്‍ നന്നായിരുന്നു.
അടിപൊളിലേഖനമായാലേ വിക്കിയിലിടാവൂ എന്നുള്ള ധാരണ അപ്പാടെ തിരുത്തണം. ഒരു വാക്കെങ്കില്‍ ആ വാക്ക് അവിടെ ചേര്‍ക്കാനും തിരുത്താനും ഉള്ള സ്വാതന്ത്ര്യം എടുക്കണം. ഉദ്ദേശം നല്ലതെങ്കില്‍ എല്ലാം മംഗളമാവും. വിക്കി ഒരു പുണ്യസ്ഥലം എന്നതുമാറി, നമ്മുടെ വീട് (ownership) എന്ന വിചാരമാവും നല്ലത്.
1) വിക്കിപ്പീഡിയ സിന്റാക്സുകള്‍. ഉദാ: ഹൈപ്പര്‍ ലിങ്കുകള്‍, ക്രോസ് ലിങ്കുകള്‍, പുറമേയ്ക്കുള്ള ലിങ്കുകള്‍, റെഫറന്‍സുകള്‍.
2) ലേഖനങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്ന വിധം. (വിക്കിയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട വിധമല്ല.)
3) ബ്ലോഗില്‍ ബ്ലോക്ക്‌ക്വോട്ട് ഇടുന്ന പോലെ വിക്കിയില്‍ എങ്ങിനെ ഇടാം.
4) ടേബിള്‍, ഇന്റെക്സ്.
.....
തല്‍ക്കാലം ഇംഗ്ലീഷ് വിക്കി നോക്കൂ:
http://en.wikipedia.org/wiki/Wikipedia:Quick_guide
(ഇത്രയേ വിക്കിപീഡിയ എഡിറ്റ് ചെയ്യാന്‍ തുടങ്ങുന്ന ഒരാള്‍ക്ക് അറിയേണ്ടൂ/ചെയ്യേണ്ടൂ)
അല്പം കൂടി: http://en.wikipedia.org/wiki/Help:Editing
7) എന്തിനെക്കുറിച്ചൊക്കെ എഴുതാം.
8) എന്തിനെക്കുറിച്ചൊന്നും എഴുതാന്‍ പാടില്ല.
ഒരു എന്‍സൈക്ലോപ്പീഡിയ ആണ് എന്നത് മനസ്സില്‍ വച്ച് എന്തും എഴുതാം എന്നാണ് എന്റെ പക്ഷം. അതിലെ ഓരോ കാര്യത്തിനും റഫറന്‍സ് ചോദിച്ചാല്‍ കൊടുക്കാനുണ്ടാവണം - അതായത് ആധികാരികത. അല്ലാതെ തോന്നലുകള്‍ മാത്രമായത് എഴുതരുത്. ഉദാഹരണത്തിന് ‘കണ്ണൂര്‍ കേരളത്തിലെ ഏറ്റവും നല്ല പട്ടണം’ എന്നെഴുതിയാല്‍ അങ്ങനെതന്നെയാണ് എന്ന് സ്ഥാപിക്കാന് വല്ലതും ഉണ്ടോ എന്നാലോചിക്കണം.
കൂടുതല്‍: http://en.wikipedia.org/wiki/Wikipedia:Simplified_Ruleset
9) എഴുതി പകുതിയായപ്പോള്‍ മറ്റു തിരക്കുകളാല്‍ നിര്‍ത്തേണ്ടി വന്നാല്‍ അത് അപൂര്‍ണ്ണമായി സേവ് ചെയ്യാമോ (ഒരു വാക്യം പകുതി ആയി വച്ചിരിക്കുകയാണെങ്കില്‍ തന്നെ.) ഇല്ലെങ്കില്‍ എന്ത് ചെയ്യണം?
സേവ് ചെയ്യണം എന്നാണെന്റെ പക്ഷം.
10) ഇംഗ്ലീഷ് വിക്കിയിലെ ഒരു ലേഖനം മലയാളത്തില് ആക്കണമെങ്കില് അതു അതേപടി ഇവിടെ ഇംഗ്ലീഷില് തന്നെ പകര്ത്തി സേവ് ചെയ്ത്, പതുക്കെ സമയം കിട്ടുമ്പോള് ഓരോ പാരഗ്രാഫുകളായി തിരുത്തിയാല് മതിയാകുമോ? (ഇങ്ങനെ ആണെങ്കില് ഒരുപാടു പേര്ക്ക് ഒരു വലിയ ആര്ട്ടിക്കിളില് ഒരേ സമയത്ത് ജോലി ചെയ്യാമല്ലോ)
ഇതൊരു നല്ല ആശയമാണ്. പക്ഷെ, ഇംഗ്ലീഷ് ടെക്സ്റ്റ് മലയാളം വിക്കിയില്‍ കാണുന്നത് ഭംഗിയല്ല. അതിനൊരുപായമായി ‘കണ്ണൂര്‍ (English)' എന്നൊരു പേജുണ്ടാക്കി അവിടെയ്ക്ക് ഇംഗ്ലീഷ് ടെക്സ്റ്റ് കോപ്പിചെയ്ത്; എഡിറ്റ് ചെയ്ത്; തീരുമ്പോള്‍ ‘കണ്ണൂര്‍’ എന്ന പേജിലേയ്ക്ക് ചേര്‍ക്കാവുന്നതാണ്.
ഇന്നലെ പോയി കേരളത്തിനെക്കുറിച്ചൊക്കെ നോക്കി.ഇച്ചിരെ സ്പിരിറ്റ് ഒക്കെ വന്നു..
എന്നിട്ട് ഇന്ന് കാലത്തെ കൈപ്പള്ളി മാഷിന്റെ ഒരു ലേഖനം വായിച്ചു..ഇംഗ്ലീഷ് അറിഞ്ഞൂടാത്ത മലയാളികള്‍ എന്നോ മറ്റോ..ഹിഹിഹി..
എന്തിന് വെറുതെ നമ്മള്‍ എഴുതി മറ്റുള്ളോര്‍ക്ക് എഴുതാന്‍ സബ്ജെക്ട് കൊടുക്കണം? ഹിഹിഹിഹി
ഒരു കാര്യം ചോദിച്ചോട്ടെ, മന്‍ജിത്തേട്ടന്‍ ഒരു പ്രോജക്റ്റ് ഗൈഡ് പോലെ കുറച്ച് കാലത്തേക്ക് നിക്കൊ?
ദേ ഇന്ന വിഭാഗത്തില്‍,ഫോര്‍ ഉദാഹരണം
‘കേരളത്തില്‍ ബീനാ കണ്ണന്‍ നീളമുള്ള സാരിയുണ്ടാക്കി’ - എന്നതിനേക്കുറിച്ച് ഒരു ലേഖനം ഇല്ല. അങ്ങിനെ വല്ലോം ഒക്കെ കുറച്ച് പോയിന്റര്‍ പോലെ ഇവിടെ ഇങ്ങിനെ പോസ്റ്റുമ്പോള്‍ നമുക്ക് ആ വിക്കിയാം സാഗരത്തില്‍ എവിടെന്ന് തുടങ്ങണം എന്ന് മനസ്സിലാവും..(ന്നും പഞ്ഞ് ഞാന്‍ തുടങ്ങും എന്നല്ല...ബിന്ദൂട്ടിക്ക് ആഗ്രഹം ഉണ്ടെന്ന് തോന്നണ്..:-)
നിങ്ങക്ക് നോക്കിക്കൂടെ എന്ന് ന്യായമായും ദേഷ്യപ്പെട്ട് ചോദിക്കാം..പക്ഷെ അവിടെ ചെല്ലുമ്പൊ കൈയും വിരലും ഒക്കെ വിറക്കുന്നു.ശ്ശെടാ..നമ്മള്‍ എഴുതി കുളമാവോ? ഓ, ഈ ട്ടോപിക്കിനെക്കുറിച്ച് എഴുതീട്ട് എന്നാത്തിനാ എന്നൊക്കെയുള്ള ചിന്തകള്‍ മിന്നിമറയുന്നു? ഭാവി തലമുറ എന്നൊക്കെ ആലോചിക്കുമ്പൊ...എന്റെ അമ്മേ!
അല്ലെങ്കില്‍ ഒരു രക്ഷ്യേയുള്ളൂ..എല്ലാര്‍ക്കും അസൈന്റ്മെന്റ് കൊടുക്കാ..;-)
പ്ലീസ് ദേഷ്യം പിടിക്കല്ലേ...അഭിപ്രായം പറയുക ഒരു വീക്കനെസ്സ് ആയിപ്പോയി..മാറ്റാന്‍ ശ്രമിക്കാം.
10) ഇംഗ്ലീഷ് വിക്കിയിലെ ഒരു ലേഖനം മലയാളത്തില് ആക്കണമെങ്കില് അതു അതേപടി ഇവിടെ ഇംഗ്ലീഷില് തന്നെ പകര്ത്തി സേവ് ചെയ്ത്, പതുക്കെ സമയം കിട്ടുമ്പോള് ഓരോ പാരഗ്രാഫുകളായി തിരുത്തിയാല് മതിയാകുമോ? (ഇങ്ങനെ ആണെങ്കില് ഒരുപാടു പേര്ക്ക് ഒരു വലിയ ആര്ട്ടിക്കിളില് ഒരേ സമയത്ത് ജോലി ചെയ്യാമല്ലോ)
ഇതു നല്ല ആശയമാണ്. ലേഖനങ്ങളുടെ എണ്ണം കൂട്ടാന്‍ തമിഴ്, കന്നഡ വിക്കിപീഡിയക്കാര്‍ ചെയ്തിരുന്നത് ഇതാണ്. എന്നാല്‍ ലേഖനത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷ് ടെക്സ്റ്റ് അഭംഗിതന്നെയാണ്. ഏറ്റവും എളുപ്പമാര്‍ഗം ഇതാണ്. മലയാളത്തില്‍ തലക്കെട്ടിട്ട് ലേഖനം തുടങ്ങുക. അതിനുശേഷം ലേഖനത്തിന്റെ സംവാദ താളിലേക്ക് ഇംഗ്ലീഷ് ടെക്സ്റ്റ് കോപി ചെയ്തിടുക. പരിഭാഷപ്പെടുത്തുന്ന മുറയ്ക്ക് ലേഖനത്തിന്റെ താളിലേക്കു മാറ്റുക. അതാകുമ്പോള്‍ വല്യപ്രശ്നമില്ല.
http://rehnaliyu.blogspot.com/2006/09/blog-post_22.html ഇതു പോലുള്ള വിഷയങ്ങളൊക്കെ ഇടാന്‍ കഴിയുമോ
വല്യമ്മായി,
സംശയം ഇപ്പോഴാണു കണ്ടത്. യൂസര്‍മാനുവല്‍ പോലുള്ളവ പ്രസിദ്ധീകരിക്കാന്‍ വിക്കിപീഡിയയേക്കാള്‍ നല്ലത് അതിന്റെ സഹോദര സംരംഭമായ വിക്കിബുക്സാണ്.
Post a Comment
<< Home